മലപ്പുറം: പി.വി അൻവറിനൊപ്പമില്ലെന്ന് വ്യക്തമാക്കി കെ.ടി ജലീൽ എംഎൽഎ. അൻവർ പൊലീസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ട്. താനും മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും ഇക്കാര്യം പറഞ്ഞിരുന്നു. അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചുണ്ട്. അവരുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. എന്നാൽ അതിന് മുമ്പ് കാര്യങ്ങൾ കൈവിട്ടുപോയെന്നും ജലീൽ പറഞ്ഞു.
അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ട്. അതിന്റെ കൂടെ നിൽക്കില്ല. ഇടതുപക്ഷ സഹയാത്രികനായി തുടരും. വർഗീയ താത്പര്യമുള്ളവർ എല്ലാ കാലത്തും പൊലീസിലുണ്ട്. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ ആക്രമിച്ചാൽ മതനിരപേക്ഷതയെ ദുർബലമാക്കും.
വെടിവെച്ചുകൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും തള്ളിപ്പറയില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീൽ പറഞ്ഞു. അൻവറുമായുള്ള സൗഹൃദം നിലനിൽക്കും, എന്നാൽ രാഷ്ട്രീയമായി വിയോജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ആർഎസ്എസുകാരനാണെന്ന അൻവറിന്റെ പരാമർശം ശുദ്ധ അസംബന്ധമാണ്. രാഷ്ട്രീയ എതിരാളികൾ പോലും അങ്ങനെ പറയില്ല. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടത് തെറ്റാണ്. ആർഎസ്എസ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി നേതാക്കളെ കാണാൻ പാടില്ല. അൻവറിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ജലീൽ വ്യക്തമാക്കി.
അൻവറിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന് അഭിപ്രായമില്ല. അൻവർ അങ്ങനെ ഏതെങ്കിലും വണ്ടിയിൽ കയറുന്നയാളല്ല. ജമാഅത്തെ ഇസ്ലാമി കുറച്ച് കാലമായി ഇതെല്ലാം കലക്കണമെന്ന ഉദ്ദേശവുമായാണ് നടക്കുന്നതെന്നും കെ ടി ജലീൽ ചൂണ്ടിക്കാട്ടി. തനിക്ക് ഒരു പദവിയും വേണ്ട. പാർട്ടിയിൽ നിന്നും ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല. എഴുത്ത്, യാത്ര, പഠനങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്നും ജലീൽ കൂട്ടിച്ചേർത്തു.