ലഖ്നോ: ഇറാനി കപ്പിൽ ഇരട്ട സെഞ്ച്വറി പ്രകടനത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി മുംബൈ താരം സർഫറാസ് ഖാൻ. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ 253 പന്തുകളില്‍നിന്നാണ് സര്‍ഫറാസ് 200ലെത്തിയത്.
ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ മുംബൈ താരമാണ്. ഇറാനി കപ്പിൽ ഒരു മുംബൈ താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്. 1972ൽ പുണെയിൽ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ രാംനാഥ് പാട്കർ നേടിയ 195 റൺസെന്ന റെക്കോഡാണ് താരം മറികടന്നത്. 149 പന്തുകളിൽ നൂറിലെത്തിയ സർഫറാസ് 276 പന്തിൽ 221 റൺസുമായി ക്രീസിലുണ്ട്. നാലു സിക്സും 25 ബൗണ്ടറികളും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സർഫറാസിന്‍റെ ശരാശരി 69.9 ആണ്. ഒരു ഇന്ത്യൻ താരത്തിന്‍റെ ഉയർന്ന രണ്ടാമത്തെ ശരാശരിയാണിത്. 81.1 ശരാശരിയുമായി മുൻ ഇന്ത്യൻ താരം വിജയ് മർച്ചന്‍റാണ് ഒന്നാമത്.
രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 536 റണ്‍സെടുത്തിട്ടുണ്ട്. സര്‍ഫറാസിനൊപ്പം ജുനെദ് ഖാന്‍ (0) ക്രീസിലുണ്ട്. സര്‍ഫറാസിനെ കൂടാതെ അജിന്‍ക്യ രഹാനെ (97), തനുഷ് കൊട്ടിയന്‍ (64), ശ്രേയസ് അയ്യര്‍ (57) മികച്ച പ്രകടനം പുറത്തെടുത്തു. റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തി. യഷ് ദയാല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.