തിരുവനന്തപുരം: ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് സിപിഐ നിലപാട് ആവര്‍ത്തിച്ചത്. സിപിഎം – സിപിഐ നേതൃയോഗങ്ങൾ നാളെ ചേരാൻ ചേരാൻ ഇരിക്കുന്നതിന് മുന്നോടിയായി ആയിരുന്നു നിര്‍ണായക കൂടിക്കാഴ്ച. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
തിരുവനന്തപുരം എകെജി സെന്‍ററിലാണ് കൂടിക്കാഴ്ച നടന്നത്. ഡിജിപിയുടെ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണ് ബിനോയ് വിശ്വത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി. റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ ഡിജിപി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഇരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.
വിവാദം ഉയർന്നതുമുതൽ എഡിജിപിയെ മാറ്റണമെന്ന കടുത്ത നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി എഡിജിപിയെ മാറ്റണെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എൽഡിഎഫ് യോഗത്തിൽ സിപിഐക്ക് ഒപ്പം മറ്റ് കക്ഷികളും സമാനമായി എഡിജിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. എന്നാൽ സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സിപിഎമ്മിന് തലവേദനയാണ്.