നിരവധി അത്ഭുത കാഴ്ചകള്‍ നിറഞ്ഞ മായികലോകമാണ് യുഎഇ. ആകര്‍ഷകമായ ഒട്ടേറെ സ്ഥലങ്ങളും അനുഭവങ്ങളും ഇവിടെയുണ്ട്. ചരിത്രപരമായവയും പ്രകൃതിസൗന്ദര്യം നിറഞ്ഞതും ആഡംബരം വഴിഞ്ഞൊഴുകുന്നതും സാംസ്കാരിക പ്രധാന്യമുള്ളവയുമെല്ലാം ഇക്കൂട്ടത്തില്‍ ഉണ്ട്. ഇത്തരത്തിലുള്ള ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നും അധികമാര്‍ക്കും അറിയാത്ത ഒരിടവുമാണ് അബുദാബിയിലെ അൽ വത്ബ ഫോസിൽ ഡൂൺസ്. ഒരു പ്രദേശം നിറയെ വിവിധ രൂപങ്ങളിലും ആകൃതികളിലുമുള്ള മണ്‍കൂനകളാണ് ഇവിടുത്തെ പ്രധാനകാഴ്ച. വൈകുന്നേരമാകുമ്പോള്‍ വിശാലമായി കിടക്കുന്ന മരുഭൂ പ്രദേശത്തുള്ള ഈ കാഴ്ച കണ്ടാല്‍, പ്രശസ്തമായ “സ്റ്റാർ വാർസ്” സിനിമകളിലെ ദൃശ്യം പോലെയാണ് അനുഭവപ്പെടുക! ആരോ മണ്ണില്‍ കൊത്തിയെടുത്ത ശില്‍പ്പങ്ങള്‍ പോലെ തോന്നുമെങ്കിലും പൂർണ്ണമായും പ്രകൃതിദത്തമാണ് ഇവയോരോന്നും എന്നതാണ് സത്യം.
ലക്ഷക്കണക്കിന് വര്‍ഷങ്ങളായി, കാറ്റിന്‍റെയും ജലത്തിന്‍റെയുമെല്ലാം പ്രവര്‍ത്തനം മൂലമാണ് ഈ രൂപങ്ങള്‍ ഉണ്ടായിട്ടുള്ളത്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഈ പ്രദേശം വെള്ളത്തിനടിയിലായി. മണ്ണൊലിപ്പ് മൂലം ഒഴുകിയെത്തിയ അവശിഷ്ടങ്ങൾ ഈ ജലാശയങ്ങളുടെ അടിത്തട്ടിൽ നിക്ഷേപിക്കപ്പെട്ടു. കാലക്രമേണ, ഇവയ്ക്ക് മുകളില്‍ വീണ്ടും അവശിഷ്ട പാളികള്‍ അടിഞ്ഞുകൂടി. ധാതുക്കളുടെയും ഉപ്പുപരലുകളുടെയും മറ്റും പ്രവര്‍ത്തനം മൂലം ഈ പാളികള്‍ ഒരുമിച്ചു ചേര്‍ന്ന് സ്ഥിരമായി ഉറച്ചുപോവുകയും വിവിധ ആകൃതികളിലുള്ള ഘടനകളായി രൂപാന്തരപ്പെടുകയും ചെയ്തു. പിന്നീട് കാറ്റും ഇവയുടെ ആകൃതി രൂപപ്പെടുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ചു. താരതമ്യേന സ്ഥിരസ്വഭാവമുള്ള കാറ്റുകള്‍ വീശുന്ന ഇടമാണ് യുഎഇ. എന്നിട്ടുപോലും ഈ മണ്‍കൂനകളുടെ പാറ്റേണുകളും വിന്യാസങ്ങളും ഓരോ പ്രദേശത്തിനുമനുസരിച്ച് ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ ഇത്തരം ഭൂരൂപങ്ങള്‍ ഭൗമശാസ്ത്രജ്ഞരെ ഏറെ സഹായിക്കുന്നു.
അതിരാവിലെ പിക്നിക് നടത്താന്‍ ഏറ്റവും അനുയോജ്യമാണ് ഇവിടം. വൈകുന്നേരങ്ങളില്‍ ക്യാമ്പിംഗിനും ഏറ്റവും മികച്ച സ്ഥലമാണ് ഇവിടം. മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. മാത്രമല്ല, ഇത്തരം രൂപങ്ങള്‍ തൊടാനോ അവയില്‍ കയറാനോ പാടില്ല എന്നും കാലാവസ്ഥ, പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വളരെ ദുര്‍ബലമായ ഘടനകളായതിനാല്‍ ഇവ പെട്ടെന്ന് നശിച്ചുപോകാന്‍ ഇടയുണ്ട് എന്നതിനാലാണിത്. അൽ ദഫ്ര മിലിട്ടറി എയർ ബേസിന് സമീപമാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് E11, E30 ഹൈവേകൾ വഴി ഏകദേശം 40 മിനിറ്റ് സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
ഒക്‌ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. രാത്രികളില്‍ മരുഭൂമികളില്‍ നല്ല തണുപ്പനുഭവപ്പെടുന്ന സമയമായതിനാല്‍ ക്യാംപിങ്ങിന് ഏറ്റവും മികച്ച സമയമാണ് ഇത്. ഭൂമിയിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായിരുന്ന ശൈഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാന്‍റെ സ്വകാര്യ കാർ ശേഖരം സൂക്ഷിച്ചിരിക്കുന്ന എമിറേറ്റ്സ് നാഷണൽ ഓട്ടോ മ്യൂസിയം, ലോകത്തിലെ ആദ്യത്തെ സീറോ കാർബൺ നഗരമായ മസ്ദർ സിറ്റി, ലോകത്തിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നും ലോകത്തിലെ ഏറ്റവും വലിയ പരവതാനി സൂക്ഷിച്ചിരിക്കുന്നതുമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മസ്ജിദ് എന്നിവയും ഇതിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. അബുദാബിയിലെ അൽ വത്ബ വെറ്റ്ലാൻഡ് റിസർവ് , അൽ വത്ബ സാൾട്ട് ലേക്ക് എന്നിവയും ഈ യാത്രയില്‍ സന്ദര്‍ശിക്കാം.
STORY HIGHLLIGHTS : Alwathba Fossil Dunes must visit attractions in Abu Dhabi