എല്ലാദിവസവും ഒരേപോലെ സവാളയും തക്കാളിയും വഴറ്റിയെടുത്ത് മുട്ടക്കറി തയ്യാറാക്കി കഴിച്ച് മടുത്തു എങ്കില്‍ ഒരു വെറൈറ്റി മുട്ടക്കറി നമുക്കൊന്ന് ട്രൈ ചെയ്തു നോക്കാം. തേങ്ങ അരച്ചുവച്ച മുട്ടക്കറി ആണ് ഇത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവമാണിത്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
- മുട്ട
- സവാള
- പച്ചമുളക്
- മല്ലിയില
- ഇഞ്ചി
- വെളുത്തുള്ളി
- എണ്ണ
- മല്ലിപ്പൊടി
- ഗരം മസാല
- തേങ്ങ
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ജാറിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക്, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നല്ലപോലെ പേസ്റ്റ് രൂപത്തില്‍ ഒന്ന് അരച്ചെടുക്കുക. ശേഷം മറ്റൊരു മിക്‌സിയുടെ ജാറിലേക്ക് അര മുറി തേങ്ങ ചിരകിയതും അല്‍പം വെള്ളവും കൂടി ചേര്‍ത്ത് നല്ലപോലെ പേസ്റ്റ് പരുവത്തില്‍ അതും അടിച്ചുമാറ്റി വെയ്ക്കുക. ശേഷം ഒരു പാന്‍ എടുത്ത് ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ചു കൊടുത്ത്, അതിലേക്ക് കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് മൂപ്പിച്ചെടുത്ത ശേഷം പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട അതിലേക്കിട്ട് ഇളക്കി ഒന്ന് മാറ്റി വെയ്ക്കാം.
ഇനി ഇതേ പാനിലേക്ക് കുറച്ചുകൂടി എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് മല്ലിപ്പൊടി, ഒരു ടീസ്പൂണ്‍ ഗരം മസാല, പിന്നെ നമ്മള്‍ അടിച്ചുമാറ്റി വച്ചിരിക്കുന്ന സവാളയും കൂടെ ചേര്‍ത്ത് നല്ലപോലെ ഒന്ന് ഇളക്കി മൂപ്പിക്കുക. ശേഷം ഇതിലേക്ക് നമ്മള്‍ അരച്ചു മാറ്റി വെച്ചിരിക്കുന്ന തേങ്ങ കൂടി ചേര്‍ത്തു കൊടുക്കാം. ശേഷം വെള്ളം ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതൊന്ന് തിളച്ചു വരുമ്പോഴേക്കും പുഴുങ്ങി മാറ്റി വെച്ചിരിക്കുന്ന മുട്ട ഇതിലേക്ക് ചേര്‍ത്ത് കൊടുത്ത് പുറത്ത് അല്‍പം മല്ലിയില കൂടെ ചേര്‍ത്ത് ഒന്ന് തിളപ്പിച്ച് എടുത്തുകഴിഞ്ഞാല്‍ വളരെ രുചികരമായ മുട്ടക്കറി തയ്യാര്‍.