തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലിൽ തുടരന്വേഷമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനാണ് മുഖ്യമന്ത്രി ഉറപ്പു നൽകിയത്. എഡിജിപി എം.ആർ അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കുമെന്നും ഉറപ്പ് നൽകി. പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത.
രണ്ട് പുതിയ അന്വേഷണമാണ് ഉണ്ടാകുക. പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപിയുടെ പങ്കിനെക്കുറിച്ച് ഡിജിപി ആയിരിക്കും അന്വേഷിക്കുക. അതുപോലെ തന്നെ പൂരം അട്ടിമറി വിഷയത്തിൽ മറ്റൊരു അന്വേഷണവും ഉണ്ടാകും. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശയിലാണ് പുതിയ അന്വേഷണത്തിനൊരുങ്ങുന്നത്. ശുപാർശ നൽകി ഒരാഴ്ച കഴിഞ്ഞാണ് തീരുമാനം എത്തിയിരിക്കുന്നത്.
പുതിയ അന്വേഷണം വരുമ്പോൾ എഡിജിപി തുടരുമോ എന്ന കാര്യവും നാളെ നിർണ്ണായകമാണ്. നാളത്തെ മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. ജുഡിഷ്യൽ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മറ്റന്നാൾ നിയമസഭ ചേരും മുൻപ് എഡിജിപിയെ മാറ്റുമെന്ന പ്രതീക്ഷയിലാണ് സിപിഐ. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം.ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയേ പറ്റൂ എന്ന നിലപാട് മുഖ്യമന്ത്രിക്ക് മുന്നിൽ സിപിഐ ആവർത്തിച്ചിരുന്നു. ഇതിൽ സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി തീരുമാനിക്കാം എന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.