ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘര്‍ഷം. ശുചിത്വ ദിനാചരണത്തിന്റെ ഭാഗമായുള്ള ജോലിക്കിടെ രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ‘മണിപ്പൂർ റൈഫിൾസ്’ ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു.
ഉഖ്രുൽ നഗരത്തിലാണ് നാഗ വിഭാഗത്തിൽപെട്ട രണ്ടു ഗ്രാമത്തിലുള്ളവർ ഏറ്റുമുട്ടിയത്. ഇരുവരും അവകാശമുന്നയിക്കുന്ന സ്ഥലത്തായിരുന്നു ‘സ്വഛത അഭിയാ’ന്റെ ഭാഗമായുള്ള ശുചീകരണം. ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കുമുണ്ട്. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു. കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
മണിപ്പൂർ റൈഫിൾസിലെ വൊറിൻമി തുംറ ആണ് മരിച്ചത്. സാരമായി പരിക്കേറ്റ രണ്ടുപേരെ ഇംഫാൽ ആശുപത്രിയിലേക്ക് മാറ്റി. സമാധാന ആഹ്വാനവുമായി ‘ടങ്ഖുൽ നാഗ’ സാമാജികർ രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് അവർ അഭ്യർഥിച്ചു.