തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമാക്കൽ, എഡിജിപി–ആർഎസ്എസ് കൂടിക്കാഴ്ച, അൻവർ ഉയർത്തിവിട്ട വിവാദങ്ങൾ, മലപ്പുറം വിരുദ്ധ പരാമർശം, ഹേമ കമ്മിറ്റി റിപ്പോർട്ട്, ഒടുവിൽ പിആർ ഏജൻസി വിവാദവും. ആവശ്യത്തിലേറെ വിവാദ വിഷയങ്ങൾ പ്രതിപക്ഷത്തിന് എടുത്തു പ്രയോഗിക്കാൻ പാകത്തിൽ ചൂടേറി നിൽക്കെ, നിയമസഭാ സമ്മേളനം നാളെ തുടങ്ങും. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അനുശോചനമർപ്പിച്ച് നാളെ സഭ പിരിയും. 7നു വീണ്ടും ചേരുമ്പോൾ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരായ അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിക്കാനാണു സാധ്യത.
ഇടതുപക്ഷ സ്വതന്ത്രൻ എന്ന നിലയിൽ ഭരണപക്ഷ നിരയിലാണ് പി.വി.അൻവറിന്റെ സ്ഥാനം. അൻവറുമായുള്ള ബന്ധം ഉപേക്ഷിക്ഷിക്കുന്നെന്നു സിപിഎം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യം സ്പീക്കർക്ക് എഴുതി നൽകിയാൽ അൻവറിന്റെ സീറ്റ് മാറ്റേണ്ടിവരും. അൻവർ ആവശ്യപ്പെട്ടാലും സീറ്റ് മാറ്റണം. 18 വരെയാണു സമ്മേളനം.