തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിലും പരാതികളിലും ഇന്ന് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും. അൻവറിന്റെ പരാതിയിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഡിജിപിയുടെ നിലപാടാണ് ഏറെ നിർണ്ണായകം. റിപ്പോർട്ടിലെ കണ്ടെത്തലുകളും ശിപാർശകളും പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും.
എഡിജിപിക്കെതിരെ പി.വി അൻവർ എംഎൽഎ നൽകിയ പരാതികളിലെ അന്വേഷണ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ തീരുമാനം. ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ടും ഇന്ന് തന്നെ സമർപ്പിക്കാനാണ് സാധ്യത. സ്വർണക്കടത്ത്, മാമി തിരോധാനം, റിദാൻ വധക്കേസ്, മരമുറി, ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണം, അനധികൃത സ്വത്തുസമ്പാദനം തുടങ്ങി 15 പരാതികളാണ് അൻവർ നൽകിയിരുന്നത്. ഇതിൽ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിനും അനധികൃത സ്വത്തുസമ്പാദനം വിജിലൻസിനും നൽകിയതിനാൽ അവയിൽ റിപ്പോർട്ട് ഉണ്ടായേക്കില്ല. ബാക്കി പരാതികളിൽ റിപ്പോർട്ട് നൽകും. ഇന്ന് അന്വേഷണത്തിന്‍റെ സമയപരിധി അവസാനിക്കുന്നതിനാലാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ റിപ്പോർട്ട് പരിശോധിച്ച ശേഷം അജിത് കുമാറിനെതിരെ നടപടിയെടുക്കുന്നതിൽ വേഗത്തിൽ തീരുമാനമുണ്ടായേക്കും.
റിപ്പോർട്ടുകളിൽ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളുണ്ടായാൽ സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വരും. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ സർവീസ് ചട്ടലംഘനം കണ്ടെത്തിയാലും നടപടി വേണ്ടിവരും. കണ്ടെത്തലുകൾക്ക് പുറമേ ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ് നൽകുന്ന ശിപാർശകളും നിർണായകമാകും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യം തുടക്കം മുതൽക്കേ ഉന്നയിക്കുന്ന വ്യക്തിയാണ് ഡിജിപി. അതിനാൽത്തന്നെ റിപ്പോർട്ടിലും അതിലുള്ള ശിപാർശകളിലും വിട്ടുവീഴ്ചയ്ക്ക് ഡിജിപി തയ്യാറായേക്കില്ല.