തിരുവനന്തപുരം: എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചയുമായി ബന്ധപ്പെട്ട് തീരുമാനം ഇന്നുണ്ടായേക്കും. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവരടങ്ങുന്ന എൻസിപി സംഘം ഇന്ന് 3.30ന് മുഖ്യമന്ത്രിയെ കാണും.
എ.കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് കേന്ദ്രത്തിന്‍റെ നിലപാട് എൻസിപി നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ അറിയിക്കും. പാർട്ടി തീരുമാനം ശശീന്ദ്രൻ അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് പകുതി മനസോടെയാണ്. തോമസ് കെ തോമസിനെ ഈ ഘട്ടത്തിൽ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് മുഖ്യമന്ത്രി അനുകൂലിക്കില്ലെന്ന പ്രതീക്ഷയിലാണ് ശശീന്ദ്രൻ വിഭാഗം. മന്ത്രിമാറ്റത്തെ മുഖ്യമന്ത്രി അനുകൂലിച്ചില്ലെങ്കിൽ പാർട്ടിയുടെ ആഭ്യന്തര വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നുവെന്ന പ്രചരണ ശക്തമാക്കാൻ പി.സി ചക്കോ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. നാളെ നിയമസഭ തുടങ്ങുന്നത് കൊണ്ട് ,അത് കഴിയുംവരെ കാത്തിരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകാനും സാധ്യതയുണ്ട്.
















