India

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും | Haryana Assembly Elections; The campaign ends today

ചണ്ഡീ​ഗഢ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബിജെപി, കോൺഗ്രസ്, ജെജെപി, ആം ആദ്മി പാർട്ടി തുടങ്ങിയവർ നേർക്കുനേർ മത്സരിക്കുന്ന സംസ്ഥാനത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാനത്തെ 90 മണ്ഡലങ്ങളിൽ ശനിയാഴ്ചയാണ് വോട്ടെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തു നടന്നത്. ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സംസ്ഥാനത്ത് ബിജെപി കടുത്ത ആശങ്കയിലാണ്. എന്നാൽ സാഹചര്യങ്ങൾ തങ്ങൾക്കു അനുകൂലമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ മണ്ഡലങ്ങളിൽ നേരിട്ട് എത്തിയായിരുന്നു പ്രചാരണം നടത്തിയത്. ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾ, ഗുസ്തി പ്രതിഷേധം, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി വോട്ടർമാർക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോൺഗ്രസ്. അതേസമയം, ജാട്ട് സമുദായം എതിരായത്തോടെ ദലിത് അടക്കുമുള്ള മറ്റ് വിഭാഗങ്ങളുടെ വോട്ട് തേടിയാണ് ബിജെപി പ്രചാരണം. ജെജെപി, ആം ആദ്മി പാർട്ടി എന്നിവർ കോൺഗ്രസിനും ബിജെപിക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.