തിരുവനന്തപുരം: ‘ദ ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തിലെ മലപ്പുറത്തിനെതിരായ വിവാദ പരാമർശത്തിനിടെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന്. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചു. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്ക് മീഡിയാ റൂമിലാണ് വാര്‍ത്താസമ്മേളനം. പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയുമോയെന്നാണ് കണ്ടറിയേണ്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പൊതുപരിപാടികളില്‍ ഉള്‍പ്പെടെ പിആര്‍ ഏജന്‍സിയെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതികരിച്ചത്. എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കുന്നതിന് സിപിഐ സമ്മര്‍ദം കടുപ്പിച്ച സാഹചര്യത്തിൽ ഇക്കാര്യത്തിലുള്ള മുഖ്യമന്ത്രിയുടെ നിലപാടും നിര്‍ണായകമാണ്. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം.
പ്രധാനമായും ഹിന്ദു ദിനപത്രത്തിലെ അഭിമുഖത്തിൽ പിആര്‍ ഏജന്‍സിയുടെ ഇടപെടലിലും മലപ്പുറം പരാമര്‍ശത്തിലുമാണ് മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുന്നത്. പിആര്‍ ഏജന്‍സി നല്‍കിയ ഭാഗം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് ഹിന്ദു ദിനപത്രത്തിന്‍റെ വിശദീകരണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പരാമര്‍ശനമാണ് അധികമായി കൂട്ടിചേര്‍ത്തത്. ഇതുസംബന്ധിച്ച് ഹിന്ദു ദിനപത്രം പിആര്‍ ഏജന്‍സിയെ പരാമര്‍ശിച്ചുകൊണ്ടാണ് വിശദീകരണ കുറിപ്പ് ഇറക്കിയത്. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിനും പിആര്‍ ഏജന്‍സിയെ ഉപയോഗിക്കുന്നുവെന്ന വിവാദവും ഉയര്‍ന്നത്. പിആര്‍ ഏജന്‍സിയുടെ ഇടപെടലുണ്ടായോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പിആര്‍ഡി ഉണ്ടായിരിക്കെ പിആര്‍ ഏജന്‍സി ഉപയോഗിച്ചതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പിആര്‍ ഏജന്‍സി നല്‍കിയ ഭാഗമാണെന്ന ഹിന്ദുവിന്‍റെ വിശദീകരണം മുഖ്യമന്ത്രി തള്ളുമോ?, പിആര്‍ ഏജന്‍സിയെ ഏര്‍പ്പെടുത്തിയെങ്കില്‍ ആരാണ് പിന്നില്‍?, പിആര്‍ ഏജന്‍സി ബന്ധം തള്ളിയാൽ ഹിന്ദുവിനെതിരെ കേസ് കൊടുക്കുമോ?, പൂരം അട്ടിമറിയില്‍ എഡിജിപിയെ നിലനിര്‍ത്തി അന്വേഷണം വീണ്ടും അന്വേഷണം ഉണ്ടാകുമോ? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
content highlight: pinarayi-vijayan-s-press-meet-today