Celebrities

സാമന്ത പ്രഭു-നാഗ ചൈതന്യ വിവാഹമോചനത്തിന് പിന്നിൽ കെടിആർ; മന്ത്രിയുടെ വിവാദ വെളിപ്പെടുത്തൽ

തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹമോചനത്തിന് പിന്നിൽ കെടിആറെന്ന് തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ വിവാദ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കൊണ്ട സുരേഖയുടെ ഈ പരാമർശം തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. സിനിമാ മേഖലയിൽ നിന്ന് നടിമാർ മാറി നിൽക്കുന്നതിന് കാരണം കെ.ടി. രാമ റാവു ആണെന്നും അവർ ആരോപിച്ചു.

നാ​ഗചൈതന്യയും സമാന്തയും വേർപിരിഞ്ഞതിന് പിന്നിൽ‌ കെടിആറാണെന്നും തെലുങ്ക് സിനിമാ വ്യവസായത്തിലെ നിരവധി നായികമാരുടെ ജീവിതം കെടിആർ നശിപ്പിച്ചെന്നും അവർ പറഞ്ഞു. മയക്കുമരുന്നിന് അടിമയായ കെ.ടി.ആർ സിനിമാ താരങ്ങൾക്കായി റേവ് പാർട്ടികൾ നടത്താറുണ്ടായിരുന്നു. ഇയാൾ പലരെയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തു. ഇയാളുടെ ക്രൂരതകൾ നേരിടാനാവാതെ പല നായികമാരും സിനിമാ ജീവിതം ഉപേക്ഷിച്ച് വിവാഹം കഴിച്ച് സ്ഥിരതാമസമാക്കിയെന്നും അവർ പറഞ്ഞു.

കെടിആർ എപ്പോഴും സ്ത്രീകളെ ചൂഷണം ചെയ്യാറുണ്ടെന്നും വ്യക്തിപരമായ വിവരങ്ങൾ കൈക്കലാക്കുന്നതിന് ഫോൺ ചോർത്താറുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ‘‘മയക്ക് മരുന്ന് മാഫിയയാണ് കെടിആര്‍, സിനിമാ ഇൻഡസ്ട്രിയിലെ പലര്‍ക്കും അദ്ദേഹം മയക്ക് മരുന്ന് എത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ പല നടിമാരും അഭിനയം നിര്‍ത്തി പോയി. കെടിആറിന് അടുത്ത് പോകാന്‍ നാഗാര്‍ജുന തന്റെ മകന്റെ ഭാര്യയായ സമാന്തയോട് ആവശ്യപ്പെട്ടു. അവര്‍ അതിന് വിസമ്മതിച്ചു. അതേ തുടര്‍ന്നുള്ള പ്രശ്‌നത്തിനൊടുവിലാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും വേര്‍പിരിഞ്ഞത്’- എന്നായിരുന്നു കൊണ്ട സുരേഖയുടെ വിവാദ പരമാര്‍ശം.

24 മണിക്കൂറിനുള്ളില്‍ ഈ പരാമർശങ്ങൾ പിൻവലിക്കണമെന്നും തന്നോട് നിരുപാധികം മാപ്പ് പറയണമെന്നും കെടിആർ നോട്ടീസിൽ സുരേഖയോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, നിയമ നടപടിയുമായി മുന്നോട്ട് പോകും എന്നാണ് കെടിആര്‍ പ്രതികരിച്ചത്.

തന്റെ കുടുംബത്തിന്റെ അഭിമാനം തകര്‍ത്ത പരമാര്‍ശത്തിനെതിരെ നാഗാര്‍ജുനയും രംഗത്തെത്തി. ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്ത് നിന്നുകൊണ്ട് ഇത്തരുമൊരു പരമാര്‍ശം നടത്തിയത് വളരെ മോശമാണെന്നും. ഈ പറഞ്ഞത് തീര്‍ത്തും വാസ്തവവിരുദ്ധമാണെന്നും നാഗാര്‍ജുന പ്രതികരിച്ചു

‘മന്ത്രി കൊണ്ടാ സുരേഖയുടെ പരാമർശത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതം എതിരാളികളെ വിമർശിക്കാൻ ഉപയോഗിക്കരുത്. ദയവായി മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക. ഉത്തരവാദിത്തമുള്ള ഒരു സ്ത്രീ എന്ന നിലയിൽ, ഞങ്ങളുടെ കുടുംബത്തിനെതിരായ നിങ്ങളുടെ അഭിപ്രായങ്ങളും ആരോപണങ്ങളും തികച്ചും അപ്രസക്തവും തെറ്റായതുമാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ ഉടൻ പിൻവലിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” നാഗാർജുന എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിഷയത്തില്‍ നാഗ ചൈതന്യയുടെ പ്രതികരണം. ‘‘വിവാഹ മോചനം എന്ന തീരുമാനം ഒട്ടും എളുപ്പമായ ഒന്നല്ല, വളരെ അധികം വേദന നിറഞ്ഞ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഞാനും എന്റെ മുന്‍ ഭാര്യയും ചേര്‍ന്നെടുത്ത തീരുമാനമാണ് വിവാഹ മോചനം. ഞങ്ങളുടെ വ്യത്യസ്തമായ ജീവിത ലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും അതായിരുന്നു ശരി എന്ന തീരുമാത്തില്‍ രണ്ട് പ്രായപൂര്‍ത്തിയായ ആളുകള്‍ എടുത്ത തീരുമാനം. എന്നിരുന്നാലും അതിന്റെ പേരില്‍ ഒരുപാട് കിംവദന്തികളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും പ്രചരിച്ചു. എന്നിട്ടും എന്റെ മുന്‍ ഭാര്യയുടെയും എന്റെ കുടുംബത്തെയും ബഹുമാനിക്കുന്നത് കൊണ്ടാണ് ഇതുവരെ അതിനോടൊന്നും പ്രതികരിക്കാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരമാര്‍ശം വാസ്തവ വിരുദ്ധമാണ് എന്ന് മാത്രമല്ല, അങ്ങേയറ്റം ആക്ഷേപം കൂടെയാണ്. സ്ത്രീകള്‍ ബഹുമാനവും പിന്തുണയും അര്‍ഹിക്കുന്നവരാണ്. മാധ്യമ ശ്രദ്ധയ്ക്കു വേണ്ടി സെലിബ്രിറ്റികളുടെ വ്യക്തി ജീവിതത്തെ കുറിച്ച് എന്തും പറയാം എന്ന നിലയിലേക്ക് തരംതാഴുന്നത് അങ്ങേയറ്റം നാണക്കേടുള്ള കാര്യമാണ്.’’

മന്ത്രിമാര്‍ കുറച്ച് കൂടി ഉത്തരവാദിത്തമുള്ളവരും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കുന്നവരുമാകണമെന്നായിരുന്നു സമൂഹമാധ്യമത്തിലൂടെ സാമന്തയുടെ പ്രതികരണം.
“എൻ്റെ വിവാഹമോചനം വ്യക്തിപരമായ കാര്യമാണ്, അതിനെക്കുറിച്ച് ഊഹാപോഹങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. അക്കാര്യം തികച്ചും സ്വകാര്യമായി സൂക്ഷിക്കാനും അനാവശ്യമായ പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനുമാണ് ഞങ്ങള്‍ തീരുമാനിച്ചത്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ആ വിവാഹമോചനം രണ്ടുപേരുടെയും സമ്മതത്തോട് കൂടി സംഭവിച്ചതാണ്. ഒരു രാഷ്ട്രീയ ഗൂഢാലോചനയും അതില്‍ ഉണ്ടായിട്ടില്ല. നിങ്ങളുടെ രാഷ്ട്രീയപ്പോരുകളില്‍ നിന്ന് എന്‍റെ പേര് ഒഴിവാക്കാമോ? ഇന്നേ വരെ രാഷ്ട്രീയത്തിലിടപെടാതെയാണ് ഞാന്‍ കഴിഞ്ഞത്, അതങ്ങനെ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതും.’’ സാമന്ത സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.