പറ്റിക്കല്‍ പെരുമഴയില്‍ നനഞ്ഞു കുതിര്‍ന്നു നില്‍ക്കുന്ന KSRTC ജീവനക്കാര്‍ക്കു മുമ്പിലേക്ക് എന്തുതരം പ്രഖ്യാപനങ്ങള്‍ നടത്തിയാലും ഇനി വിലപ്പോകില്ല. ഒന്‍പത് മാസംമുമ്പ് മന്ത്രിസ്ഥാനത്തെത്തിയ നടനും കേരളാകോണ്‍ഗ്രസ്സ് (ബി) നേതാവുമായ കെ.ബി. ഗണേഷ്‌കുമാറിന്റെ ഒടുവിലത്തെ പ്രഖ്യാപനം പോലും വിശ്വസിക്കേണ്ടി വന്ന ഗതികേടിന്റെ അങ്ങേയറ്റത്ത് എത്തിപ്പെട്ടിരിക്കുകയാണ് KSRTC ജീവനക്കാര്‍. സെപ്തംബര്‍ മാസത്തെ ശമ്പളം നല്‍കേണ്ട സമയത്ത്, ഓണത്തിന്റെ ഫെസ്റ്റിവല്‍ അലവന്‍സ് കൊടുക്കുകയാണ് ഗണേഷും മാനേജ്‌മെന്റും.
ഫെസ്റ്റിവല്‍ അലവന്‍സ് എന്നാല്‍, ഫെസ്റ്റിവല്‍ കഴിഞ്ഞ് അടുത്ത മാസത്തെ ശമ്പളത്തിനു പകരം നല്‍കുന്ന ഒരു ആഘോഷമാണെന്ന് പഠിപ്പിക്കുകയാണ് KSRTC മാനേജ്‌മെന്റ്. ഫെസ്റ്റിവല്‍ അലവന്‍സ് വെറും 2,700 രൂപയാണ് നല്‍കുന്നതെങ്കിലും, അത് വാങ്ങേണ്ടവര്‍ ആരൊക്കെയാണെന്ന സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. 28 കോടി രൂപയാണ് ഫെസ്റ്റിവല്‍ അളവന്‍സിനു വേണ്ടിയിരുന്നത്. ഇതില്‍ 20 കോടി ധനവകുപ്പ് കഴിഞ്ഞമാസം 2ന് അനുവദിച്ചിരുന്നു. എന്നാല്‍, ബാക്കി എട്ടുകോടി കൂടി കണ്ടെത്താന്‍ KSRTCക്കു വേണ്ടി വന്നത്, ആഴ്ചകളാണ്.
കഴിഞ്ഞ മാസം 30ന് ശേഷം ഫെസ്റ്റിവല്‍ അളവന്‍സ് കൊടുക്കുമെന്ന പ്രഖ്യാപനം നടത്തി ഷൈന്‍ചെയ്ത മന്ത്രി, ശമ്പളം എന്നു നല്‍കുമെന്നാണ് ഇനി പറയേണ്ടത്. മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം ശമ്പളം കിട്ടിക്കഴിണ്ഠു എന്ന സത്യം മറച്ചു വെയ്കകാനാവാത്തപ്പോള്‍ KSRTC ജീവനക്കാരോട് കാട്ടുന്ന നയം എന്താണെന്ന് വ്യക്തമാക്കണം. ശമ്പളം നല്‍കേണ്ട സമയത്ത്, അലവന്‍സിന്റെ കാര്യം ബോധപൂര്‍വ്വം സംസാരിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയാത്തവരല്ല ജീവനക്കാര്‍. ശമ്പളത്തിന്റെ കാര്യം സംസാരിക്കേണ്ട ഇടത്ത്, മറ്റൊന്നിനും പ്രസക്തിയില്ല.
അലവന്‍സ് കൊണ്ട് ആഘോഷിക്കേണ്ട സമയം കടന്നു പോയ്ക്കഴിഞ്ഞു. ഇനി അത് കിട്ടിയതു കൊണ്ട് ആഘോഷിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല, ശമ്പശം കാത്തിരിക്കുന്ന പലിശക്കാരും, ബാങ്ക് ലോണുമൊക്കെയുണ്ട്. അവരോട് ഇപ്പോള്‍ കിട്ടിയത് ഫെസ്റ്റിവല്‍ അലവന്‍സാണെന്നു പറഞ്ഞാല്‍ ജപ്തി ഒഴിവാകില്ല. ഇതാണ് വസ്തുത. മന്ത്രിക്ക് അലവന്‍സ് കൊടുക്കാനുള്ള വ്യഗ്രത മനസ്സിലാകും. പക്ഷെ, അതുവെച്ച് ശമ്പളം വൈകിപ്പിക്കാനുള്ള കൂര്‍മ്മത മനസ്സിലാകുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഒരേ കല്ലില്‍ തട്ടി രണ്ടു തവണ വീഴരുതെന്ന ഒരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്. ഇവിടെ KSRTC ജീവനക്കാര്‍ ഒരേപോലെയുള്ള പല വാഗ്ദാനങ്ങളിലും പ്രഖ്യാപനങ്ങളിലും തട്ടി നിരന്തരം വീഴുകയാണ്. ഏറ്റവും വലിയ കറുത്തകല്ല് അഞ്ചാംതീയതി ശമ്പളം തരുമെന്നതില്‍ തടഞ്ഞ് മൂക്കും കുത്തി വീണിട്ടും നടത്തം തുടരുന്ന ജീവനക്കാരുടെ അവസ്ഥയാണ് പരിതാപകരം. എല്ലാ മാസവും അഞ്ചാംതീയതി ശമ്പളം മുഴുവനായി നല്‍കാമെന്ന വാഗ്ദാനത്തിനു തൊട്ടു മുമ്പായി ഫെസ്റ്റിവല്‍ അലവന്‍സ് തരുന്നു.
ഫെസ്റ്റിവല്‍ അളവന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ കൊടുത്ത പണത്തിന്റെ ബാക്കി കണ്ടെത്താന്‍ ഇത്രയും ദിവസം എടുത്തിരിക്കുകയാണ്. തുച്ഛമായ തുക കണ്ടെത്താന്‍ മാനേജ്‌മെന്റിന് ഇത്രയും സമയമെടുത്തെങ്കില്‍ ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ 100 കോടിക്കടുത്ത് കണ്ടെത്താന്‍ എത്ര ദിവസം വേണ്ടിവരുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ. മാത്രമല്ല, സര്‍ക്കാരിന്റെ ധനസഹായം ഇതുവരെ ലഭിച്ചിട്ടുമില്ല. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്.
മന്ത്രിമാരെല്ലാം നിയമസഭയിലായിരിക്കും. ഇതോടെ KSRTCയിലെ ശമ്പളക്കാര്യം ‘ഗോവിന്ദ’ ആകാനേ സാധ്യതയുള്ളൂ. കഴിഞ്ഞ മാസം തന്നെ ശമ്പളം നല്‍കിയത് ഓണത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെയാണ്. ജീവനക്കാരുടെ സംഘടനകളൊന്നും ശമ്പളത്തെ കുറിച്ച് മിണ്ടുന്നില്ല. ഫെസ്റ്റിവല്‍ അലവന്‍സ് വാങ്ങി സൗകര്യപൂര്‍വ്വം ശമ്പളത്തിന്റെ കാര്യം മറക്കാമെന്ന നിലപാടാണ് യൂണിയന്‍കാരുടേത്.
CONTENT HIGHLIGHTS;KSRTC Workers Destined To Stick: Minister Stares With Festival Allowance When Salaries Are Due