പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ തുടങ്ങുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തില്‍ ആകെ 9 ദിവസമാണ് സഭ ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബര്‍ 4-ാം തീയതി വയനാട്, കോഴിക്കോട് ജില്ലകളിലായി നടന്ന മണ്ണിടിച്ചിലിന്റെ ഫലമായി ഉണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അന്നേ ദിവസത്തേക്ക് സഭ പിരിയുന്നതാണ്. സമ്മേളന കാലയളവില്‍ ബാക്കി എട്ട് ദിവസങ്ങളില്‍ ആറു ദിവസങ്ങള്‍ ഗവണ്മെന്റ് കാര്യങ്ങള്‍ക്കും രണ്ട് ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. ഒക്ടോബര്‍ 18-ാം തീയതി നടപടികള്‍ പൂര്‍ത്തീകരിച്ച് സമ്മേളനം അവസാനിപ്പിക്കുന്ന തരത്തിലാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
ഈ സമ്മേളന കാലയളവില്‍ പരിഗണനയ്ക്കു വരുന്ന പ്രധാന ബില്ലുകള്‍
1. The Kerala Veterinary and Animal Sciences University (Amendment) Bill,
2023 (Bill No. 179)
2. 2023-ലെ കേരള കന്നുകാലി പ്രജനന ബില്‍ (ബില്‍ നം. 180)
3. The Kerala Public Service Commission (Additional Functions as respects
certain Corporations and Companies) Amendment Bill, 2024 (Bill No. 190)
4. The Kerala General Sales Tax (Amendment) Bill, 2024 (Bill No. 191)
5. 2024-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബില്‍ (ബില്‍ നം. 213)
6. The Payment of Salaries and Allowances (Amendment) Bill, 2022
(Bill No. 107)
കൂടാതെ, 2017ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം, 2020ലെ കേരള ധനകാര്യ നിയമം, 2008ലെ കേരള ധനകാര്യ നിയമം എന്നിവ ഭേദഗതി ചെയ്യുന്നതിനായി പുറപ്പെടുവിച്ച 2024ലെ കേരള നികുതി ചുമത്തല്‍ നിയമങ്ങള്‍ (ഭേദഗതി) ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തില്‍ പരിഗണിച്ച് പാസ്സാക്കേണ്ടതുണ്ട്. ബില്ലുകള്‍ പരിഗണിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച് ഒക്ടോബര്‍ നാലാം തീയതി ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കുന്നതാണ്.
Constituent Assembly Debates – പരിഭാഷ
നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തില്‍ നിയമവകുപ്പിന്റെ സഹകരണത്തോടെ ഭരണഘടനാ നിര്‍മ്മാണ സഭയുടെ ഡിബേറ്റ്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ഒരു പ്രൊജക്ട് 2022 മെയ് മാസത്തില്‍ ആരംഭിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നിയമസഭ ഭരണഘടനാ നിര്‍മ്മാണ സഭയിലെ ചര്‍ച്ച ഒരു പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്ന പ്രവര്‍ത്തനം നടപ്പാക്കുന്നത്. ഉദ്യോഗസ്ഥ തലങ്ങളില്‍ തയ്യാറാക്കുന്ന പരിഭാഷ പരിശോധന നടത്തുന്നതിനായി മുന്‍ നിയമസഭാ സെക്രട്ടറി ഡോ. എന്‍.കെ. ജയകുമാര്‍ ചെയര്‍മാനായും നിയമസഭാ സെക്രട്ടറി കണ്‍വീനറായും ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.
ഈ പ്രൊജക്ടില്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ ആകെ 167 ദിവസങ്ങളിലെ ഡിബേറ്റ്‌സുകളാണ് പരിഭാഷപ്പെടുത്തുന്നത്. നിലവില്‍ 09.12.1946 മുതല്‍ 02.05.1947 വരെയുള്ള തീയതികളില്‍ ആകെ 21 ദിവസങ്ങളിലായി, ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്ന ഡിബേറ്റുകളുടെ പരിഭാഷ തയ്യാറായി വരുന്നു. പരിഭാഷയുടെ ആദ്യ വാല്യം ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2025 ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തില്‍ പ്രകാശനം ചെയ്യാനാണുദ്ദേശിക്കുന്നത്.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം – മൂന്നാം പതിപ്പ്
കേരള നിയമസഭ ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ട രീതിയില്‍ രണ്ട് അന്താരാഷ്ട്ര പുസ്തകോത്സവങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 09 മുതല്‍ 15 വരെ സംഘടിപ്പിച്ച പ്രഥമ പുസ്തകോത്സവത്തില്‍ എണ്‍പത്തെട്ടോളം പ്രസാധകര്‍ പങ്കെടുക്കുകയും 124 സ്റ്റാളുകള്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു. 2023 നവംബര്‍ ഒന്നുമുതല്‍ ഏഴ് വരെ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പില്‍ 158 പ്രസാധകര്‍ പങ്കെടുക്കുകയും 252 സ്റ്റാളുകള്‍ ഒരുക്കുകയും ചെയ്തു.
നോബല്‍ സമ്മാന ജേതാക്കളുള്‍പ്പെടെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തരായ ഒട്ടേറെ വ്യക്തിത്വങ്ങള്‍ പുസ്തകോത്സവത്തിന്റെ രണ്ട് പതിപ്പുകളിലുമായി പങ്കെടുത്തിരുന്നു. ബഹുജനപങ്കാളിത്തം കൊണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്തകോത്സവം ദേശീയ തലത്തില്‍ തന്നെ നിയമസഭകളുടെ ചരിത്രത്തില്‍ മുന്‍ മാതൃകകളില്ലാത്ത പ്രവര്‍ത്തനമായിരുന്നു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി ആദ്യവാരം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
പുസ്തകോത്സവം മുന്‍ പതിപ്പുകളേക്കാള്‍ മികച്ച രീതിയിലും കുറ്റമറ്റ തരത്തിലും സംഘടിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിയമസഭാ സാമാജികരെ കൂടി ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പും വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിന് മുന്‍ പതിപ്പുകളില്‍ ഉണ്ടായിരുന്നതുപോലെ മാധ്യമ സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.
content highlights;12th Session of 15th Kerala Legislative Assembly: 6 Bills to be discussed by Speaker AN Shamsir