ലുലു മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ തയ്യാറാക്കിയ 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റന്‍ ക്രിസ്തുമസ് ട്രീ രൂപമാണ് കാഴ്ചക്കാരെ ആദ്യം അമ്പരിപ്പിച്ചത്. പിന്നാലെ ക്രിസ്തുമസ് ട്രീ രൂപത്തിന് ചുറ്റുമായി ലുലു മാളിലെ 250ലധികം ജീവനക്കാര്‍ അണിനിരന്നതോടെ ആകാംക്ഷയേറി. ക്രിസ്തുമസിനെ വരവേറ്റ് മാളില്‍ സംഗീതം കൂടി മുഴങ്ങിയതോടെ ലുലു മാള്‍ സാക്ഷ്യം വഹിച്ചത് തലസ്ഥാനത്തെ ഏറ്റവും വലിയ കേക്ക് മിക്‌സിംഗ് ആഘോഷങ്ങളിലൊന്ന്.
ലുലു മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നേതൃത്വത്തിലായിരുന്നു കേക്ക് മിക്‌സിംഗ്. ഒരു മണിക്കൂറിനുള്ളില്‍ 4500 കിലോയിലധികം ചേരുവകള്‍ മിക്‌സ് ചെയ്തു. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാന്‍ഡിഡ്‌ചെറി, ജിഞ്ചര്‍ പീല്‍, ഓറഞ്ച് പീല്‍, മിക്‌സഡ് പീല്‍ ഉള്‍പ്പെടെ 25 ഓളം ചേരുവകളുണ്ടായിരുന്നു. മാളിലെ ജീവനക്കാര്‍ക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും, ഉപഭോക്താക്കളും മിക്‌സിംഗില്‍ പങ്കെടുത്തു. കേക്ക് മിക്‌സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിനു ശേഷമാണ് കേക്ക് നിര്‍മ്മാണം ആരംഭിക്കുക.
മദ്യമോ മറ്റ് കൃത്രിമ കളറുകളോ ചേര്‍ക്കാതെയാണ് ലുലുവില്‍ കേക്ക് നിര്‍മ്മിക്കുന്നത്. 20,000 കേക്കുകളാണ് ഇത്തവണ തിരുവനന്തപുരം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തയ്യാറാക്കുക. ചോക്ലേറ്റ് പ്ലം, പ്രീമിയം പ്ലം, റിച്ച് പ്ലം, ലോ ഷുഗര്‍ പ്ലം, വാല്യു പ്ലം തുടങ്ങി 21 ലധികം വ്യത്യസ്ത ഫ്‌ലേവറുകളിലാണ് കേക്കുകള്‍ ലഭ്യമാവുക. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ചേരുവകള്‍ ഉപയോഗിച്ചുള്ള ലുലു മാളിലെ കേക്ക് മിക്‌സിംഗ് ലോക റെക്കോര്‍ഡിലിടം പിടിച്ചിരുന്നു.
CONTENT HIGHLIGHTS;Capital’s biggest cake mixing at Lulu Mall; More than 4500 kg of ingredients were mixed in one hour; More than 250 people participated