തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ചവരെ വിവിധ ജില്ലകളിൽ മഴ തുടരുമെന്ന് ആണ് അറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്ര മഴ മുന്നറിയിപ്പ് ഇല്ലാത്തതിനാൽ ഒരു ജില്ലകളിലും ഓറഞ്ച്, റെഡ് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
04/10/2024 : ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.
05/10/2024 : ഇടുക്കി, മലപ്പുറം.
06/10/2024 : തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
07/10/2024 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് മഴ കനക്കാനുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ വിട്ടുനിന്ന ജില്ലകളിലും മലയോര പ്രദേശങ്ങളിലും മഴ ലഭിക്കുന്നുണ്ട്. ഒറ്റപ്പെട്ട മഴയാണ് എല്ലാ ജില്ലകളിലും അനുഭവപ്പെടുന്നത്.
തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 0.9 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങൾക്കും ഉയർന്ന തിരമാല – കള്ളക്കടൽ പ്രതിഭാസ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിതായി സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.
content highlight: rain-alert-updates