പുതുക്കിയ ഉത്തരവ് പ്രകാരം നിലവിലുള്ള നഷ്ടപരിഹാര മാനദണ്ഡങ്ങള്‍ക്ക് പുറമെ ബ്രൂസല്ലോസിസ്, ക്ലാസിക്കല്‍ സൈ്വന്‍ ഫീവര്‍, ആഫ്രിക്കന്‍ പന്നിപ്പനി എന്നീ അസുഖങ്ങള്‍ മൂലവും പാമ്പ്കടി, വിഷബാധ എന്നിവ മൂലവും ഉരുക്കള്‍ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍, ആന്ത്രാക്‌സ്, പേവിഷബാധ, പക്ഷിപ്പനി, പി.പി.ആര്‍ എന്നീ രോഗങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും, വന്യമൃഗങ്ങളുടെ ആക്രമണം, തെരുവ് നായ ആക്രമണം, ഇടിമിന്നല്‍, മുങ്ങിമരണം, വെദ്യുതാഘാതം, സൂര്യാഘാതം, അപകടം തുടങ്ങിയ അത്യാഹിതങ്ങള്‍ എന്നിവയ്ക്കുമാണ് നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം വകുപ്പിന്റെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം നല്‍കി വരുന്നത്.
പരിഷ്‌കരിച്ച പുതിയ ഉത്തരവ് പ്രകാരം ഇന്‍ഷുറന്‍സ് തുകയോ, ജില്ലാ കളക്ടറുടെ ധനസഹായമോ ലഭിക്കാത്ത ദുരിത ബാധിതരായ എല്ലാ കര്‍ഷകര്‍ക്കും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും. കറവയുള്ള പശു/എരുമയ്ക്ക് 37,500 രൂപയും കറവ ഇല്ലാത്ത പശു/ എരുമയ്ക്ക് 32000 രൂപയും നഷ്ടപരിഹാര ധനസഹായമായി കര്‍ഷകര്‍ക്ക് ലഭിക്കും. നിലവില്‍ ഇത് യഥാക്രമം 16400 ,15000 രൂപ വീതമാണ്. ആട് ഒന്നിന് 1650 രൂപയില്‍ നിന്നും 4000 രൂപയായും നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചിട്ടുണ്ട്.
ഒരു വയസ്സ് വരെ പ്രായമുള്ള പശു/ എരുമ/ കാള/പോത്ത് കുട്ടികള്‍ക്ക് 10000 രൂപ വീതവും ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കിടാരികള്‍ക്ക് 20000 രൂപയും ഒരു വയസ്സ് മുതല്‍ മൂന്നു വയസ്സുവരെയുള്ള കാള/ പോത്ത് കുട്ടികള്‍ക്ക് 20000 രൂപവരെയും മൂന്നു വയസ്സിന് മുകളില്‍ പ്രായമുള്ള കാള/ പോത്തുകള്‍ക്ക് 32,000 രൂപ വരെ നഷ്ടപരിഹാര ഇനത്തില്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചു സര്‍ക്കാര്‍ ധനസഹായമായി ലഭിക്കും.കോഴി/ താറാവ് ഒന്നിന് 50 രൂപയില്‍ നിന്നും 100 രൂപയായും നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചിട്ടുണ്ട്.
പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി പന്നി ഒന്നിന് 4000 രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നഷ്ടപരിഹാര ധനസഹായമായി നല്‍കുന്നതാണ്. കൂടാതെ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരണത്തിനായി സാമ്പിള്‍ അയച്ചതിനുശേഷം രോഗ സ്ഥിരീകരണത്തിന് മുമ്പ് പന്നികള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും നഷ്ടപരിഹാര തുക അനുവദിക്കുന്നതാണ്. രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള പന്നിക്കുഞ്ഞുങ്ങള്‍ക്ക് 1500 രൂപ വീതവും രണ്ടുമുതല്‍ ആറുമാസം വരെ പ്രായമുള്ള പന്നികള്‍ക്ക് 5000 രൂപ വീതവും ആറുമാസത്തിനു മുകളില്‍ പ്രായമുള്ള പന്നികള്‍ക്ക് 10000 രൂപ വീതവുമാണ് ഈ ഇനത്തില്‍ നഷ്ടപരിഹാരമായി നല്‍കുന്നത്.
വകുപ്പില്‍ ആദ്യമായിട്ടാണ് പന്നിവളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നഷ്ടപരിഹാര തുക അനുവദിക്കുന്നതിന് ഉത്തരവായിട്ടുള്ളത്. സര്‍ക്കാരിന്റെ ധനസഹായത്തിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം അടുത്തുള്ള മൃഗാശുപത്രികളില്‍ കര്‍ഷകര്‍ സമര്‍പ്പിക്കേണ്ടതാണ്.
CONTENT HIGHLIGHTS;Animal Welfare Department’s financial assistance to farmers from Disaster Relief Fund: Norms revised