Kerala

‘ചിതയടങ്ങും മുന്‍പ് വിവാദം പാടില്ല, അവരോട് മാപ്പ് ചോദിക്കുന്നു’: ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്ന് മനാഫ്

കോഴിക്കോട്: യൂട്യൂബ് ചാനലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി ലോറി ഉടമ മനാഫ്. അര്‍ജുനെ കാണാതായ സംഭവത്തിലോ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് മനാഫ് പറഞ്ഞു. അര്‍ജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചത്, അത് സാധിച്ചുവെന്നും ചിതയടങ്ങും മുന്‍പ് വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. അര്‍ജ്ജുന്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. ചിതയടങ്ങും മുന്‍പ് വിവാദം പാടില്ല. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല. ആരുടെയും മുന്നിലും കൈനീട്ടേണ്ട സ്ഥിതി ഇപ്പോഴില്ല. ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.

അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പിആര്‍ ഏജന്‍സി പോലെയാണ് മനാഫ് പ്രവര്‍ത്തിക്കുന്നതെന്നും അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍നിന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ആരോപിച്ചു. എന്നാല്‍ ഒരു ഫണ്ടുും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാല്‍ മാനാഞ്ചിറ മൈതാനത്തു വന്നു നില്‍ക്കാം, കല്ലെറിഞ്ഞ് കൊന്നോളൂവെന്നുമായിരുന്നു മനാഫിന്റെ പ്രതികരണം. വിവാദം ഉടലെടുത്തതിനു പിന്നാലെയാണ് യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് കുത്തനെ വര്‍ധിച്ചിരിക്കുകയാണിപ്പോള്‍.

ഒറ്റ ദിവസം കൊണ്ടാണ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കുത്തനെ കൂടിയത്. ഇന്നലെ പതിനായിരം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന ചാനല്‍ ഇന്ന് 1.67 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരിലേക്ക് എത്തി. അര്‍ജുന് വേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങളാണ് മനാഫ് തന്റെ ചാനലിലൂടെ പങ്കുവെച്ചിരുന്നത്. മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് യുട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ കുത്തനെ കൂടിയത്.