കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.
എന്നാൽ വിവാദമായ പരാമർശം താൻ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ ദി ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. അഞ്ചുവർഷത്തിനിടെ മലപ്പുറത്തുനിന്ന് 150കിലോ സ്വർണവും 123 കോടിരൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നാണ് പത്രത്തിൽ വന്നത്.
അതേസമയം ഇതുമായി ബന്ധപ്പെട്ടുള്ള പിആർ ഏജൻസി വിവാദം കത്തിപ്പടരുമ്പോഴും വ്യക്തമായ മറുപടി നൽകാതെ തുടരുകയാണ് മുഖ്യമന്ത്രി. അഭിമുഖത്തിന് പിആർ ഏജൻസിയുടെ സഹായം തേടിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഹിന്ദു ആവശ്യപ്പെട്ട പ്രകാരം മുൻ എംഎൽഎ ടികെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യനാണ് അഭിമുഖം ചോദിച്ചതെന്നാണ് പിണറായി പറയുന്നത്. മാന്യമായി ഖേദം പ്രകടിപ്പിച്ചതിനാൽ ദി ഹിന്ദു പത്രത്തിനെതിരെ കേസ് കൊടുക്കാനില്ലെന്ന് പറഞ്ഞാണ് ഒഴിഞ്ഞുമാറൽ.