കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വാർത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി മുൻപാകെ പരാതിക്കാരുടെ വെളിപ്പെടുത്തൽ എന്ന നിലയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
എസ്ഐടി അന്വേഷണം സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾ തേടരുതെന്നും ഇത്തരം സംഭവങ്ങൾ കോടതി ഗൗരവപൂർവ്വം കാണുമെന്നുമാണ് മുന്നറിയിപ്പ് നൽകിയത്. അത്തരം റിപ്പോർട്ടുകൾ നീതി നിർവ്വഹണത്തെ തടസപ്പെടുത്തുന്നതായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ്. വിവരങ്ങൾ തേടുന്ന മാധ്യമപ്രവർത്തകരുടെ വിശദാംശങ്ങൾ എസ്ഐടി തെളിവുകൾ സഹിതം കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.
നിരന്തരമായി ചില മാധ്യമങ്ങൾ അന്വേഷണ സംഘത്തെ ബന്ധപ്പെടുന്നുവെന്നും അന്വേഷണ പുരോഗതിയും ആരോപണവിധേയർക്കെതിരായ വിവരങ്ങൾ എന്നിവ തേടുന്നതായുള്ള ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് കോടതിയുടെ നടപടി.
സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.