World

ഇസ്രായേൽ വ്യോമാക്രമണം; ഹസൻ നസ്റല്ലയ്ക്ക് പിന്നാലെ മരുമകനും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ഹിസ്ബുല്ല തലവനായിരുന്ന ഹസൻ നസ്റല്ലയുടെ മരുമകൻ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോ‍ർട്ട്. ഡമാസ്‌കസിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്‌മെൻ്റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹസൻ ജാഫർ അൽ ഖാസിർ കൊല്ലപ്പെട്ടതായാണ് സൂചന. ദീർഘകാലമായി ഹിസ്ബുല്ലയുടെ തലവനായിരുന്ന ഹസൻ നസ്റല്ല കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

മധ്യ ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. പതിനാല് പേര്‍ക്ക് പരിക്കേറ്റു. കരയുദ്ധത്തില്‍ എട്ട് ഇസ്രയേലി സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തെക്കന്‍ ലെബനനില്‍ കരയുദ്ധം നിര്‍ത്തിവച്ച് വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍. ആക്രമണത്തില്‍ ഒരു ലെബനീസ് സൈനികന്‍ കൊല്ലപ്പെട്ടു.

തെക്കന്‍ ലെബനനിലെ 25 സ്ഥലങ്ങളില്‍ നിന്നും അടിയന്തരമായി ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കന്‍ ലെബനനിലെ ഏറ്റവും വലിയ നഗരമായ നബാത്തിയും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട നഗരങ്ങളില്‍ ഉള്‍പ്പെടുന്നു. അതിനിടെ, പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തി. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.