പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കുകിഴക്ക് ഭാഗത്തു 22 ഏക്കർ സ്ഥലത്ത് കേരളീയ വാസ്തുശില്പ മാതൃകയിൽ തടിയിൽ തീർത്ത മനോഹരമായ കൊട്ടാരമാണ് പുത്തൻ മാളിക കൊട്ടാരം എന്ന കുതിര മാളിക. തടിയിൽ വരിവരിയായി 122 കുതിരകൾ, കൊട്ടാരത്തിന്റെ മേൽക്കൂരയിൽ പടയോട്ടത്തിനെന്ന പോലെ കൊത്തി വച്ചിരിക്കുന്നു. അങ്ങനെയാണ് പുത്തൻ മാളിക കൊട്ടാരം കുതിര മാളികയായി തീർന്നത്. സ്വാതി തിരുനാളിന്റെ കുട്ടിക്കാലം പദ്മ തീർഥക്കരയിലെ വലിയ കൊട്ടാരത്തിലുള്ള കുഴി മാളികയിലായിരുന്നു. രാജാവായതോടെ കുതിരമാളികയിലേക്കു അദ്ദേഹം താമസം മാറ്റി. ഇവിടെ ഇരുന്നാണ് സ്വാതി തിരുനാൾ കീർത്തനങ്ങൾ രചിച്ചത്.
കൗതുകമുണര്‍ത്തുന്ന പുരാവസ്തുക്കളുടെയും അപൂര്‍വ്വമായ പെയിന്റിംഗുകളുടെയും ശേഖരമുള്ള കാഴ്ചബംഗ്ലാവു കൂടിയാണ് കുതിരമാളിക. തഞ്ചാവൂരിൽ നിന്നു വന്ന 5000 ശിൽപികൾ നാല് വർഷത്തോളം അഹോരാത്രം പണിയെടുത്തിട്ടാണ് തടിയിൽ ഈ വിസ്മയം തീർത്തത്. ഒറ്റക്കല്ലിൽ തീർത്ത തൂണുകളും, മേൽക്കൂരകളും മച്ചിലും വാതിലുകളിലും മറ്റും തത്ത, മയിൽ,ആന,വ്യാളി എന്നിവയുടെ തടിയിലെ ചിത്രപ്പണികളും കുതിരമാളികയെ വേറിട്ടതാക്കുന്നു.രണ്ട് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ചാർക്കോളും ലൈം സ്റ്റോണും മുട്ട വെള്ളയും ചേർത്ത് മിനുക്കിയെടുത്ത കൊട്ടാരത്തിന്റെ അകത്തളങ്ങളിലൂടെ നടക്കുമ്പോൾ തണുപ്പ് നമ്മുടെ നെറുകയിലെത്തും.
ചാരുതയാര്‍ന്ന വാസ്തുശൈലിയില്‍ നിര്‍മിതമായ ഈ ഇരുനില സൗധത്തിനു മുന്നിലെ നവരാത്രിമണ്ഡപം സംഗീതകച്ചേരികള്‍ക്കുള്ള സ്ഥിരം വേദിയാണ്. ജനുവരി 6 മുതൽ 12 വരെ നടക്കുന്ന സ്വാതി സംഗീതോത്സവമാണ് ഇതിൽ പ്രധാനം. ആധുനിക ശബ്ദ ക്രമീകരണ സംവിധാനങ്ങള്‍ പ്രചാരത്തില്‍ വരുന്നതിനുമുമ്പ് നിർമിക്കപ്പെട്ട ഈ മണ്ഡപത്തില്‍ മികച്ച ശബ്ദ വിന്യാസത്തിനായി മേല്‍ത്തട്ടില്‍ നിന്ന് അന്‍പതു മണ്‍കുടങ്ങള്‍ കമഴ്ത്തി തൂക്കിയിട്ടിരുന്നു. കുതിരമാളികയിൽ ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ മ്യൂസിയമുണ്ട്. രാജഭരണകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ, ചിത്രങ്ങൾ, അക്കാലത്തെ ശിൽപങ്ങൾ, ആയുധങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
STORY HIGHLLIGHTS : kuthiramalika-palace-trivandrum