Celebrities

‘വര്‍ഷങ്ങളോളം കിടപ്പിലായിരുന്നു, ചലനശക്തി പഴയതുപോലെ വീണ്ടെടുക്കാന്‍ കഴിയുമോ എന്നത് വെല്ലുവിളിയായിരുന്നു’: അരവിന്ദ് സ്വാമി

എനിക്ക് അത് ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല

വളരെ ജനപ്രിയരായ നടന്മാരില്‍ മുന്‍പന്തിയിലാണ് അരവിന്ദ് സ്വാമിയുടെ സ്ഥാനം. 90 കളില്‍ അദ്ദേഹം സൃഷ്ടിച്ച തരംഗം ചെറുതല്ലായിരുന്നു. പ്രത്യേക അഭിനയ ശൈലികൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് അരവിന്ദ് സ്വാമി. ഒരുപാട് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് അദ്ദേഹം ഇപ്പോള്‍ സിനിമ മേഖലയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഇതാ താന്‍ സിനിമ മേഖലയില്‍ ഇല്ലാതിരുന്ന സമയത്ത് തന്റെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിച്ചത് എന്ന് തുറന്നു പറയുകയാണ് നടന്‍.

‘അലൈപായുതേ എന്ന സിനിമയിലെ കാമിയോയില്‍ നിന്നും കടന്‍ എന്ന ചിത്രത്തിലേക്ക് വരുമ്പോഴേക്കും ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചിരുന്നു. അതിലെ ഏറ്റവും പ്രസക്തമായ കാര്യമായി എടുത്ത് പറയേണ്ടത് എന്റെ നട്ടെല്ലിന് സംഭവിച്ച ക്ഷതമാണ്. കുറച്ച് വര്‍ഷങ്ങളോളം ഞാന്‍ കിടപ്പിലായിരുന്നു. എന്റെ കാല് ഭാഗികമായി തളര്‍ന്നു പോയി, അങ്ങനെ പല കാര്യങ്ങളും ആ സമയത്ത് സംഭവിച്ചു. അങ്ങനെ വരുമ്പോള്‍ കടല്‍ എന്ന ചിത്രം എനിക്കൊരു വെല്ലുവിളിയായിരുന്നു. എനിക്ക് പഴയ തരത്തിലേക്ക് തിരിച്ചു വരാന്‍ കഴിയുമോ എന്റെ ചലനശക്തി പഴയതുപോലെ വീണ്ടെടുക്കാന്‍ കഴിയുമോ എന്ന് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ വെല്ലുവിളിയായിരുന്നു എനിക്ക്. ഇതെല്ലാം ശരിയായിട്ടും എനിക്ക് അത് ചെയ്യാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ കടല്‍ എനിക്ക് തിരിച്ച് വരാനുള്ള ഒരു ലക്ഷ്യമാണ് തന്നത്.’

‘ആ രീതിയില്‍ ആ സിനിമ എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഒരുപക്ഷേ എന്റെ മറ്റ് ഹിറ്റ് ചിത്രങ്ങളെക്കാള്‍ എനിക്ക് വളരെ പ്രധാനപ്പെട്ട ചിത്രമാണ് അത്. എന്നെ ജീവിതത്തിന്റെ മറ്റൊരു സ്റ്റേജിലേക്ക് കൊണ്ടു പോകാന്‍ സഹായിച്ച സിനിമയാണ് കടല്‍. എന്റെ കിടക്കയില്‍ നിന്ന് ഞാന്‍ എഴുന്നേറ്റ് ഞാന്‍ കുളിക്കാന്‍ പോകുന്ന സമയം എനിക്ക് അസഹ്യമായ വേദനയുണ്ടായിരുന്നു. ഇങ്ങനെയുള്ള സമയങ്ങളിലാണ് കിടക്കയില്‍ നിന്ന് ചാടി എഴുന്നേല്‍ക്കുന്നത്, നടക്കുന്നത് തുടങ്ങിയ നിസ്സാരമായ പല കാര്യങ്ങളുടെയും വില നമ്മള്‍ തിരിച്ചറിയുന്നത്. വ്യത്യസ്തമായ കാഴ്ചപ്പാട് ഉണ്ടാകും നിങ്ങള്‍ക്ക്. നമുക്ക് ഇത് ചെയ്യാന്‍ കഴിയുമോ എന്ന വെല്ലുവിളിയാണ് അത്.’ അരവിന്ദ് സ്വാമി പറഞ്ഞു.