തൃശ്ശൂർ: പി.വി അൻവർ എംഎൽഎക്കെതിരെ തൃശൂർ സിറ്റി പൊലീസിന് പരാതി. സമൂഹത്തിൽ മത സ്പർദ്ധ വളർത്തുന്ന രീതിയിൽ പ്രചരണം നടത്തുന്നതായി ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. ഇടതുപ്രവർത്തകൻ കെ കേശവദേവാണ് പരാതിക്കാരൻ. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിനെ വർഗീയവാദി, മുസ്‌ലിം വിരോധി എന്നിങ്ങനെ ആരോപിച്ച് നടത്തിയ പരാമർശമാണ് പരാതിക്ക് ആധാരം.
സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പി.വി അൻവർ ഉന്നയിച്ചിരുന്നു. മോഹൻദാസ് പക്കാ ആർഎസ്എസ്സുകാരനാണെന്നും താൻ അഞ്ചു നേരം നമസ്‌കരിക്കുന്നതാണ് അദ്ദേഹത്തിനു പ്രശ്‌നമെന്നും അൻവർ പറഞ്ഞിരുന്നു. പാർട്ടി യോഗങ്ങളുടെ സമയത്ത് നമസ്‌കരിക്കാൻ പോകുന്നതാണ് മോഹൻദാസിന് എന്നോടുള്ള പ്രശ്‌നമെന്നും അൻവർ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ മോഹൻദാസ് ശ്രമിച്ചുവെന്നും നിലമ്പൂരിലെ വികസനം തടഞ്ഞുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ജില്ലയിലെ സുജിത് ദാസിന്റെ വിഷയവും സമുദായത്തെ ക്രിമിനൽവൽക്കരിക്കുന്നതും ശരിയല്ലെന്നും ഇടപെടണമെന്നും പലതവണ സെക്രട്ടറിയോട് ഉണർത്തിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചിരുന്നു. മോഹൻദാസിന് മുസ്‌ലിം വിരോധമുണ്ട് മറ്റു ന്യൂനപക്ഷ സമുദായങ്ങളോടും വിരോധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതിനിടെ നിലമ്പൂർ എംഎൽഎ പിവി അൻവറിന് സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശിയും വക്കീൽ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിക്ക് അൻവർ നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ് അയച്ചത്. പാർട്ടി സെക്രട്ടറിക്ക് നൽകിയ കത്ത് അൻവർ പിന്നീട് മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് നോട്ടീസിൽ കുറ്റപ്പെടുത്തുന്നു. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും. പൊതുസമ്മേളനങ്ങളിലും പത്രസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നൽകിയ പരാതികളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.