ന്യൂഡല്‍ഹി: അഞ്ച് ഭാഷകള്‍ക്ക് ശ്രേഷ്‌ഠ ഭാഷ പദവി നല്‍കാന്‍ കേന്ദ്രമന്ത്രിസഭയോഗം തീരുമാനിച്ചു. ആസാമീസ്, മറാത്തി, പാലി, പ്രാകൃത്, ബംഗാളി ഭാഷകള്‍ക്കാണ് ശ്രേഷ്‌ഠ ഭാഷ പദവി നല്‍കാന്‍ തീരുമാനിച്ചത്.
ഇതോടെ ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുന്ന ഭാഷകളുടെ എണ്ണം 6ൽ നിന്ന് 11 ആയി ഉയരും. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ ഭാഷകൾക്കായിരുന്നു നേരത്തെ ഈ പദവി ലഭിച്ചിരുന്നത്.
അസോം സാഹിത്യ സഭ മുന്‍അധ്യക്ഷന്‍ കുലധര്‍ സൈക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ആസാമീസ് ഭാഷയ്ക്ക് കൂടുതല്‍ കരുത്ത് ലഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസമിലെ ഏറ്റവു വലിയ സാഹിത്യ കൂട്ടായ്‌മയായ അസോം സാഹിത്യ സഭയുടെ അധ്യക്ഷനായിരുന്ന കാലത്ത് ഭാഷയ്ക്ക് ശ്രേഷ്‌ഠ ഭാഷ പദവിക്ക് വേണ്ടി കിണഞ്ഞ് ശ്രമിച്ച വ്യക്തിയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ സൈക്കിയ. ശ്രേഷ്‌ഠ ഭാഷ പദവി ആവശ്യപ്പെട്ട് അസോം സാഹിത്യ സഭ 391 പേജുള്ള റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ ക്ലാസിക്കല്‍ ലാംഗ്വേജ് സമിതിക്ക് മുമ്പാകെ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ നേട്ടമാണിതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുെട നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് അദ്ദേഹം നന്ദിയും അറിയിച്ചു.
1500 മുതല്‍ 2000 വര്‍ഷം വരെ പഴക്കമുള്ള ഭാഷകള്‍ക്കാണ് ശ്രേഷ്‌ഠഭാഷാ പദവി നല്‍കുന്നത്. പൗരാണിക സാഹിത്യ സൃഷ്‌ടികളടക്കം പരിഗണിച്ചാണ് ശ്രേഷ്‌ഠഭാഷാ പദവി സമ്മാനിക്കുന്നത്.
2004-ൽ തമിഴിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചിരുന്നു. 2014-ൽ ഒഡിയക്കാണ് അവസാനമായി ഈ പദവി ലഭിച്ചത്. മറാത്തി ഉൾപ്പെടെ ഇവയിൽ ചില ഭാഷകൾക്ക് ശ്രേഷ്ഠ ഭാഷ പദവി നൽകണമെന്ന ആവശ്യം ഏറെ നാളായി നിലനിൽക്കുന്നുണ്ട്.