Recipe

തക്കാളി സൂപ്പ് ട്രൈ ചെയ്തിട്ടുണ്ടോ? ഇങ്ങനൊന്ന് തയ്യാറാക്കി നോക്കൂ

തക്കാളി സൂപ്പ് ഭക്ഷണപ്രിയരുടെ ഇടയില്‍ ഒഴിച്ചുകൂടാന്‍ ആകാത്ത ഒരു വിഭവമാണ്. പ്രത്യേകിച്ച് വെജിറ്റേറിയന്‍സിന്റെ ഇടയില്‍. വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഈ തക്കാളി സൂപ്പ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം..

ആവശ്യമായ ചേരുവകള്‍

  • നെയ്യ്
  • ബേ ലീഫ്
  • ഗ്രാമ്പൂ
  • കുരുമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • പച്ചമുളക്
  • ക്യാരറ്റ്
  • തക്കാളി
  • ശര്‍ക്കര

തയ്യാറാക്കുന്ന വിധം

ഒരു കുക്കറിലേക്ക് കുറച്ച് നെയ്യ്, ഒരു ബേ ലീഫ്, ഗ്രാമ്പൂ, കുരുമുളക്, ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതെല്ലാം ഒന്ന് വാടി വരുമ്പോഴേക്കും ഇതിലേക്ക് കനം കുറച്ച് അരിഞ്ഞ ക്യാരറ്റ് കൂടി ചേര്‍ത്തു കൊടുക്കുക. ഇതിലേക്ക് ഇനി ചേര്‍ക്കേണ്ടത് തക്കാളിയാണ്, തക്കാളി ചെറുതായി അരിഞ്ഞത് ചേര്‍ത്ത് കൊടുത്ത് ഇതിലേക്ക് ചൂടുവെള്ളം ഒഴിക്കുക, ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്തു കൊടുക്കണം. ഒരു നാല് വിസില്‍ അടിച്ച് ഇതൊന്ന് വെന്ത് വരുമ്പോഴേക്കു കുക്കര്‍ തുറന്ന് ഇതെല്ലാം ഒന്ന് മിക്‌സിയിലിട്ട് അടിച്ചെടുക്കണം.

അടിച്ചെടുക്കുന്നതിന് മുമ്പ് ഇതിനകത്ത് ഉള്ള ബേ ലീഫ് എടുത്ത് മാറ്റാനായി പ്രത്യേകം ശ്രദ്ധിക്കണം. നല്ലപോലെ പേസ്റ്റ് പരുവത്തില്‍ അടിച്ചെടുത്ത ശേഷം ഒരു അരിപ്പയിലേക്കു ഒഴിച്ച് ഇതിന്റെ തരികളെല്ലാം മാറ്റണം. ഇതിന്റെ ജ്യൂസ് മാത്രമാണ് നമുക്ക് ആവശ്യം. ഇനി ഇതിലേക്ക് ശര്‍ക്കരയും ഉപ്പ് കുറവുണ്ടെങ്കില്‍ ഉപ്പും ചേര്‍ത്തു കൊടുക്കാം. ഇനി ഇതെല്ലാം നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കണം. വളരെ രുചികരമായ തക്കാളി സൂപ്പ് തയ്യാര്‍.