ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. ഇവർക്കെതിരായ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ ജില്ലാ ക്രൈം ബ്രാഞ്ച് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റഫറൻസ് റിപ്പോർട്ട് നൽകി.
പരാതി വ്യാജമാണെന്നും മർദിച്ചതിന് തെളിവില്ലെന്നും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നുമുള്ള വിചിത്രവാദമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡിസംബറിൽ മുഖ്യമന്ത്രിയുടെ നവകേരളാ യാത്രയ്ക്കിടയിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് സംഭവം നടന്നത്. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യംവിളിച്ച രണ്ട് യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർചേർന്ന് വളഞ്ഞിട്ട് ആക്രമിച്ചത്.
മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ അനില്‍ കള്ളിയൂരും സന്ദീപും ചേര്‍ന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചിരുന്നത്. കെഎസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസിനേയും സംസ്ഥാന ഭാരവാഹി അജയ് ജുവല്‍ കുര്യാക്കോസിനേയുമാണ് ക്രൂരമായി വളഞ്ഞിട്ട് ആക്രമിച്ചത്. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചെന്ന് പറഞ്ഞാണ് മര്‍ദനമുണ്ടായത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലക്കടക്കം പരിക്കേറ്റിട്ടും കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. പ്രവർത്തകർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. എന്നാൽ അന്വേഷണം മുന്നോട്ട് പോയില്ല. തുടർന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമുൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്. എന്നാൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ വിളിച്ചുവരുത്തുന്നതിന് പകരം ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒടുവിലാണ് കോടതിയിൽ ഇപ്പോൾ വിചിത്ര റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.