ന്യൂഡൽഹി: കേരളത്തിലേതുൾപ്പെടെ ജയിലുകളിൽ കടുത്ത ജാതിവിവേചനം ഉണ്ടെന്ന ഹർജി പരിഗണിച്ച സുപ്രീം കോടതി, ജയിലുകളിൽ ജാതി അടിസ്ഥാനമാക്കി തൊഴിൽ ചെയ്യിക്കുന്നത് നിർത്തലാക്കാനും ജയിൽ റജിസ്റ്ററിലെ ജാതി കോളം ഒഴിവാക്കാനും ഉത്തരവിട്ടു. ജയിലുകളിലെ ജോലിയെ ജാതിയുടെ അടിസ്ഥാനത്തിൽ വീതംവച്ചു നൽകുന്നതു ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. തൂപ്പുജോലി തുടങ്ങിയവ പിന്നാക്കക്കാർക്കും പാചകം പോലുള്ളവ ഉയർന്നജാതിക്കാർക്കും നൽകുന്ന രീതി അവസാനിപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശം നൽകി.
ഏതെങ്കിലുമൊരു തൊഴിലിനെ നിന്ദ്യമായി കാണുന്നത് തൊട്ടുകൂടായ്മയുടെ ഭാഗമാണെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തക സുകന്യ ശാന്ത എഴുതിയ ലേഖനം അടിസ്ഥാനമാക്കി അവർ തന്നെ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണു സുപ്രധാനവിധി. കേരളത്തിലേതുൾപ്പെടെ 13 സംസ്ഥാനങ്ങളിലെ ജയിൽ ചട്ടത്തിലെ വിവാദവ്യവസ്ഥകളാണ് കോടതി പരിഗണിച്ചത്. സ്ഥിരം കുറ്റവാളികളെ നിർവചിക്കുന്ന കേരളത്തിലെ വ്യവസ്ഥ ഹർജിയിൽ ചോദ്യംചെയ്യപ്പെട്ടു.
ജയിലുകളിൽ ജാതി, ജെൻഡർ, ഭിന്നശേഷി തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള വിവേചനം അവസാനിപ്പിക്കുന്നതിനായി കോടതി സ്വമേധയാ കേസെടുത്തു. ഉത്തരവിലെ നിർദേശങ്ങൾ നടപ്പാക്കി റിപ്പോർട്ട് നൽകാൻ സംസ്ഥാനങ്ങളോടും ഉത്തരവിന്റെ പകർപ്പ് മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറിമാർക്ക് കൈമാറാൻ കേന്ദ്ര സർക്കാരിനോടും നിർദേശിച്ചു.