സിനിമാ മേഖലയിൽ നിന്ന് ഉണ്ടായ ദുരനുഭവവത്തെ പറ്റി തുറന്നു പറഞ്ഞ് പ്രിയങ്ക. ‘അങ്ങനെ ദുരനുഭവം ഉണ്ടാകാതിരിക്കില്ല. ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ നുണയാണ്. അത് ഫേസ് ചെയ്യുകയാണ് വേണ്ടത്. എല്ലാ മേഖലയിലും ഇല്ലേ. നമുക്ക് യോജിച്ചതാണെങ്കിൽ മാത്രം ആ ഫീൽഡ് തിരഞ്ഞെടുത്താൽ മതിയെന്നേ. വെറുതെ യൂട്യൂബ് ചാനൽ തുടങ്ങി പാചകം ചെയ്താൽ മതി. പൈസയാണ്. പണ്ട് ഇങ്ങനെയൊന്നുമില്ലല്ലോ.
ദുരനുഭവം ഉണ്ടെന്ന് പറയാൻ എനിക്ക് ആരെയും പേടിയില്ല. ആപത്ത് സമയത്ത് ഒരാളും സഹായിക്കാനുണ്ടായിട്ടില്ല. പറയാത്തത് എന്തുകൊണ്ടാണെന്നറിയാമോ, ഇവർക്കൊരു ഫാമിലിയുള്ളതുകൊണ്ട് മാത്രമാണ്. ഒരാള് നമ്മളെ ശല്യം ചെയ്യാൻ വന്നിട്ടുണ്ടെങ്കിൽ അവരെ കൈകാര്യം ചെയ്യാനുള്ള കരുത്ത് എനിക്കുണ്ട്. ഞാനത് ചെയ്തിട്ടുമുണ്ട്. അത് ആരെന്ന് ഞാനിപ്പോൾ പറയുന്നുമില്ല. പറയേണ്ട കാര്യങ്ങൾ ഞാൻ പറയും. ഇപ്പോൾ എന്റെ മാനസികാവസ്ഥ അതല്ല.
നടി കാവേരിയെ ഭീഷണിപ്പെടുത്തിയ കേസിൽ നേരത്തെ നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിലൂടെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് പ്രിയങ്ക ഇപ്പോൾ. ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് താൻ നിരപരാധിയാണെന്ന് കണ്ടെത്തിയതെന്ന് അവർ പറയുന്നു.ഗർഭിണിയായിരിക്കുമ്പോൾ പോലും കേസിന് പോയിട്ടുണ്ട്. അന്ന് ഒരു തെറ്റും ചെയ്തിട്ടില്ല. സ്‌നേഹമുള്ളയൊരാളെ വിളിച്ച് ഇങ്ങനെയൊരു വാർത്ത വരുന്നുവെന്നേ പറഞ്ഞിട്ടുള്ളൂ. ക്രൈം നന്ദകുമാറാണ് ഇതിന്റെ എല്ലാത്തിന്റെയും അടിസ്ഥാനം. കാവേരിയാണെങ്കിലും അമ്മയാണെങ്കിലും തനിക്ക് അവരോട് സ്‌നേഹം മാത്രമേയുള്ളൂവെന്ന് പ്രിയങ്ക വ്യക്തമാക്കി.
അമ്മ അസോസിയേഷനിൽ പല പ്രശ്നങ്ങളുമുണ്ടെന്നും അവർ പറയുന്നു. ‘ഞാൻ അമ്മ അസോസിയേഷന്റെ തുടക്കം മുതലുള്ള ആളാണ്. അമ്മയ്ക്കകത്ത് പല പല പ്രശ്നങ്ങളുമുണ്ട്. അതിനകത്ത് പലതും മാറ്റാനുമുണ്ട്. പക്ഷേ ഇതിന്റെ തലപ്പത്ത് ലാലേട്ടനും മമ്മൂക്കയും തന്നെയിരിക്കണമെന്നാണ് എന്റെ അഭിപ്രായം. അമ്മയുടെ മൂത്ത മക്കൾ അവർ തന്നെയാണ്. പിന്നെ ന്യൂജനറേഷൻ കുട്ടികളും വരണം. അപ്പോൾ അമ്മ കൂടുതൽ ശക്തമാകും. ഈ വലിയ പ്രശ്നങ്ങൾ പെട്ടന്ന് ഫേസ് ചെയ്യാൻ സംഘടനയ്ക്ക് പറ്റിയില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ പഠിക്കണം. ലാലേട്ടൻ നല്ല മനസുള്ള ആള് തന്നെയല്ലേ. അതിനകത്തുള്ള സെക്രട്ടറിയും പോയി, അടുത്തയാളിന് നേരെയും ആരോപണം വന്നപ്പോൾ എല്ലാം കഴിഞ്ഞിട്ട് ജനറൽ ബോഡി തിരഞ്ഞെടുത്താൽ മതിയെന്നായിരിക്കും കരുതിയിരിക്കുക.’- പ്രിയങ്ക പറഞ്ഞു.
ഞാനിപ്പോഴും അമ്മയിലെ അംഗമാണ്. അമ്മയിലെ മക്കളെല്ലാം ഒരുപോലെയല്ലേ. പണ്ട് നടന്ന കാര്യങ്ങളല്ലേ ഇപ്പോൾ പറയുന്നത്. ഇന്നലെ നടന്ന സംഭവം പറയട്ടേ. ഇപ്പോൾ മീടു വന്നപ്പോൾ എല്ലാവർക്കും പേടിയായി. എന്നെ തമാശയ്ക്ക് ആരെങ്കിലും നോക്കിയാൽ ഞാൻ പറയും മീ ടൂ ഉണ്ട് ട്ടോ എന്ന്. ഒറ്റപ്രാവശ്യം ഒരാളുടെ നോട്ടം കണ്ടാൽ അറിയില്ലേ. ഈ ആരോപണം വന്നതിൽ ഞാൻ ബഹുമാനത്തോടെ നോക്കുന്ന ഒരാളേയുള്ളൂ. നിവിൻ പോളി. പണ്ടത്തെപ്പോലെയല്ല. തെളിവുകളുണ്ട് ഇപ്പോൾ.
ഒരാൾ വാതിലിൽ മുട്ടിയാൽ എന്താ നിനക്ക് വേണ്ടതെന്ന് ചോദിക്കാനുള്ള തന്റേടം നമുക്ക് വേണം. എനിക്കങ്ങനെ മാനം വിറ്റിട്ടുള്ള അഭിനയം വേണ്ടെന്ന് ഞാനങ്ങ് തീരുമാനിക്കും. കുറ്റി തുറക്കുന്നത് നമ്മളല്ലേ.
ഞാനിപ്പോൾ ഒരാളുമായി സംസാരിക്കാൻ ഹോട്ടൽ മുറിയിൽ പോയി. ഇരുന്ന് സംസാരിച്ച് തിരിച്ചുപോയി. ഒരുദാഹരണം പറയുന്നതാണ്, എനിക്കുണ്ടായ അനുഭവമല്ല. കുറേ നാളുകൾ കഴിഞ്ഞ് അയാൾ പടമെടുത്ത് വലുതായി. ഒരു റൂമിനകത്ത് ഒരു പുരുഷനും സ്ത്രീയും സംസാരിച്ച് പുറത്തിറങ്ങിയിട്ട് ഈ പുരുഷൻ എന്നെ പീഡിപ്പിച്ചു എന്നു പറഞ്ഞാൽ എന്ത് ചെയ്യും. ഞാൻ പുരുഷന്റെ കൂടെയാണ്.
ആ പുരുഷന്റെ ഭാര്യ സ്ത്രീയല്ലേ, അമ്മ സ്ത്രീയല്ലേ. ചിലപ്പോൾ അദ്ദേഹം നിരപരാധിയായിരിക്കും. അതുകൊണ്ട് പുരുഷന്മാരെ എപ്പോഴും ഒരുപടി മുകളിൽ കാണുന്നയാളാണ് ഞാൻ. ഞാൻ അവരെ ബഹുമാനിക്കുന്നയാളാണ്. പുരുഷന്മാരോട് ഒരു കാര്യം പറയുകയാണ്. ഇനി ഏത് ലേഡീസ് വന്നാലും, എത്ര സ്‌നേഹമുണ്ടെങ്കിലും ചെറിയൊരു ക്യാമറ ഷർട്ടിന്റെയോ മറ്റോ ബട്ടനിൽ വച്ചിട്ട് അഭിമുഖവും മറ്റും കൊടുക്കുക. അവരുടെ സേഫ്റ്റിക്ക്. പെണ്ണ് പറയുന്നതാണ് കാര്യം.’- പ്രിയങ്ക അഭിപ്രായപ്പെട്ടു.