പുതിയ കാലത്ത് സ്ത്രീകള്‍ സമൂഹത്തില്‍ നിന്ന് ശാരീരികവും മാനസികവുമായ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സ്വന്തം കുടുംബത്തിനുള്ളില്‍ പോലും അരക്ഷിതത്വം അവളെ പിന്തുടരുന്നു. വിപരീതമായ ഈ ജീവിത സാഹചര്യത്തില്‍ സ്വയം കരുത്താര്‍ജ്ജിക്കുക മാത്രമാണ് ഏത് വെല്ലുവിളിയെയും നേരിടുന്നതിനുള്ള ഏക പോംവഴി.
ആത്മവിശ്വാസവും നിര്‍ഭയത്വവുമുള്ളവരാകാന്‍ ശാരീരികവും മാനസികവുമായി അവള്‍ കരുത്തു നേടേണ്ടത് അനിവാര്യമാണ്. ഇതിനായി പ്രായോഗികമായ ഒരു പഠന പദ്ധതി നടപ്പാക്കി വരികയാണ് കേരളത്തിലെ ഏറ്റവും പുരാതനവും തെക്കന്‍ പാരമ്പര്യത്തിലധിഷ്ഠിതവുമായ തിരുവനന്തപുരത്തെ അഗസ്ത്യം കളരി. ‘ശക്തി’യെന്നാണ് അസ്ത്യത്തിന്റെ സ്ത്രീശാക്തീകരണ പരിശീലന പരിപാടിയുടെ പേര്. കളരിപ്പയറ്റിനെ ആസ്പദമാക്കി വികസിപ്പിച്ചെടുത്ത ശക്തിയിലൂടെ അടിയന്തിര സാഹചര്യങ്ങളെ ധീരമായി നേരിടേണ്ടതിനാവശ്യമായ കരുത്തും മനശക്തിയും സമാര്‍ജ്ജിച്ചെടുക്കാന്‍ അവര്‍ പ്രാപ്തയാക്കുന്നു.
2021ലാണ് അഗസ്ത്യത്തില്‍ ശക്തിക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നുള്ള മൂന്നര വര്‍ഷത്തിലേറെയായി സംസ്ഥാനത്തും രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും സ്‌കൂള്‍ കോളേജ് തലങ്ങളിലുള്ള പെണ്‍കുട്ടികള്‍ വിവിധ തൊഴില്‍ മേഖലകളിലെ സ്ത്രീകള്‍ എന്നിവര്‍ക്കായി ഒട്ടേറെ ‘ശക്തി’പരിശീലനക്കളരികള്‍ സംഘടിപ്പിക്കാന്‍ അഗസ്ത്യത്തിന് കഴിഞ്ഞിട്ടുണ്ട്. 12,000 ത്തിലേറെപ്പേരാണ് ഇതിനകം ശക്തി പരിശീലനം നേടിയത്. ഈ നവരാത്രിക്കാലത്ത് ഒക്ടോബര്‍ 4 ന് തുടങ്ങി 12 ന് മഹാനവമി വരെയുള്ള 9 ദിവസം ശക്തിയുടെ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
128 വര്‍ഷത്തെ പാരമ്പര്യമുള്ള അഗസ്ത്യം കളരിയുടെ അനുബന്ധമായുള്ള അഗസ്ത്യം ഫൗണ്ടേഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ശക്തി പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് അഗസ്ത്യം കളരിയുടെ അഞ്ചാംതലമുറയിലെ മുഖ്യ പരിശീലകനും ഗുരുവുമായ മഹേഷ് ഗുരുക്കളാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസമന്ത്രാലയത്തിനു കീഴിലെ ഇന്ത്യന്‍ നോളജ് സിസ്റ്റത്തിന്റെ അംഗീകാരമുള്ള രാജ്യത്തെ എക കളരി പരിശീലന ഗവേഷണ കേന്ദ്ര വുമാണ് തിരുവനന്തപുരത്ത് നേമം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഗസ്ത്യം കളരി.
CONTENT HIGHLIGHTS;Navratri on Agasthai to assert female ‘Shakti’