ചെറിയ കാര്യങ്ങളെപ്പറ്റി അമിതമായി ചിന്തിച്ച് ടെൻഷൻ അടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? അവസാനമില്ലാത്ത ഉത്കണ്ഠയും ഭയവും ചിന്തകളും നിങ്ങളിൽ വലയം ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പിക്കാം നിങ്ങളൊരു ഓവർതിങ്കർ ആണെന്ന്. തലച്ചോറിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് ശരീരം പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് പറയുന്നത്. അമിതമായി ചിന്തിക്കുന്നത് നിങ്ങളുടെ ശാരീരികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ശീലമാണ്. ഒരേ ചിന്തയെക്കുറിച്ച് ആവർത്തിച്ച് വിഷമിക്കുമ്പോഴാണ് അമിതമായ ചിന്ത ഉണ്ടാകുന്നത്. അമിത ചിന്തയിൽ നിന്നും സ്വയം ഒഴിവാക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിക്കാം.
യാത്രകൾ ചെയ്യാം
അമിത ചിന്ത ഒഴിവാക്കാൻ യാത്രകൾക്ക് പദ്ധതിയിടാം. യാത്രകള്‍ മനസ്സിനെ വ്യാപൃതമാക്കുകയും പോസിറ്റീവ് ചിന്തകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതിനാല്‍ പറ്റുന്നിടത്തോളം യാത്രകള്‍ ചെയ്യുക. എന്നാൽ മനസ്സ് വളരെയധികം അസ്വസ്ഥമായിരിക്കുമ്പോൾ തനിയെ യാത്രകൾ ചെയ്യുന്നത് കഴിവതും ഒഴിവാക്കുക. മാറിമറിയുന്ന ചിതകൾ പലതരത്തിലുള്ള അപകടങ്ങൾക്കും കാരണമാകും.
സ്വയം ശ്രദ്ധതിരിക്കുക
അമിതമായി ചിന്തിക്കുന്നത് മോശം ശീലമാണെന്ന് സ്വയം മനസിലാക്കുക. നെഗറ്റീവായ ചിന്തകൾ മനസ്സിലേക്ക് കടന്നുവരുമ്പോൾ വെറെ എന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുക. പാട്ടു കേൾക്കുകയോ, പുസ്തകം വായിക്കുകയോ, നൃത്തം ചെയ്യുകയോ, സിനിമ കാണുകയോ അങ്ങനെ നിങ്ങൾക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാം.
ധ്യാനിക്കുക
മനസിനെ ശാന്തമാക്കാനും അലട്ടുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാനും മികച്ച വഴിയാണ് ധ്യാനം. ധ്യാനവും യോഗയും ഇതിനു സഹായിക്കും. ധ്യാനം ചെയ്‌ത് ശീലമില്ലാത്തവര്‍ ഒരു മെഡിറ്റേഷന്‍ ഗുരുവിന്റെ സഹായത്തോടെ ഇത് പരിശീലിക്കുക.
പ്രതിസന്ധികളോട് ഒറ്റയ്ക്ക് പോരാടാതിരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ അല്ലെങ്കിൽ നിങ്ങളെ മനസിലാക്കുന്ന ഒരാളോടോ സഹായം തേടുക. ചിന്തകൾ നിങ്ങളുടെ നിയന്ത്രണത്തിലല്ല എന്ന് തോന്നിയാല്‍ ഒരു മനശാസ്‌ത്ര വിദഗ്‌ധന്റെ സഹായം തേടാനും മടിക്കരുത്. അനാവശ്യമായ അമിത ചിന്ത നിങ്ങളുടെ ജീവിതത്തിന്റെ നിറം കെടുത്താൻ അനുവദിക്കാതിരിക്കുക.
STORY HIGHLIGHT: tips to control overthinking