ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമാകാൻ ഒരുങ്ങുന്ന ജിദ്ദ ടവറിന്റെ നിർമാണം പുനരാരംഭിക്കാൻ കരാറായി. ജിദ്ദ എകണോമിക് കമ്പനിയും ബിൻലാദൻ ഗ്രൂപ്പുമാണ് കരാറിൽ ഒപ്പിട്ടത്. ഒരു കിലോമീറ്റർ ഉയരത്തിൽ നിർമിക്കുന്ന കെട്ടിടം മൂന്നര വർഷം കൊണ്ടാണ് പൂർത്തിയാക്കുക. 2013 എപ്രിൽ ഒന്നിനാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ലക്ഷ്യം വെച്ച് ജിദ്ദ ടവർ പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ 2018 ഓടെ വിവിധകാരങ്ങളാൽ പദ്ധതി പാതിവഴിയിൽ നിർത്തിവെച്ചു. ഇതിന് പിന്നാലെയാണിപ്പോൾ വിവിധ ചർച്ചകൾക്കൊടുവിൽ കരാറിലെത്തിയത്. സൗദിയിലെ പ്രമുഖ നിർമാണ കമ്പനിയായ ബിൻലാദൻ ഗ്രൂപ്പിനാണ് നിർമാണ ചുമതല. ജിദ്ദ എകണോമിക് കമ്പനിയാണ് കരാറിൽ ഒപ്പിട്ടത്.
കോടീശ്വരനായ വലീദ് ഇബ്‌നു തലാലിന്റേതാണ് കമ്പനി. യുഎസ് ആസ്ഥാനമായ സി.ബി.ആർ.ഇ ഗ്രൂപ്പിനാണ് നിലവിൽ ഹോട്ടൽ നടത്തിപ്പിനുള്ള കരാർ. എൻപത് നിലകളിലെ കെട്ടിടത്തിന്റെ ബാക്കി ഭാഗമാണ് പൂർത്തിയാക്കുക. എണ്ണൂറ് കോടി റിയാലാണ് പ്രതീക്ഷിക്കുന്ന ചെലവ്. നിർമാണ ചുമതലയുള്ള ബിൻലാദൻ ഗ്രൂപ്പിന് തുക ഘട്ടം ഘട്ടമായി കൈമാറും. ഒരു കിമീ ഉയരമുള്ള കെട്ടിടം ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരിക്കും. 30 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു നഗര കേന്ദ്രമായി ഇതിനെ മാറ്റുകയും ചെയ്യും.
നിലവിൽ റിയാദിലുള്ള കിങ്ഡം ടവറും വലീദ് ഇബ്‌നും തലാലിന്റേതാണ്. ഇദ്ദേഹത്തിന്റെ പല സംരംഭങ്ങളിലും നിലവിൽ സർക്കാറിനും പങ്കാളിത്തമുണ്ട്. ജിദ്ദയിലെ ടവറും സൗദി ഭരണകൂടത്തിന്റെ മേൽനോട്ടത്തിലാകും പൂർത്തിയാക്കുക. പ്രവാസികളടക്കം ആയിരങ്ങൾക്ക് തൊഴിൽ സാധ്യതകളും പദ്ധതി സൃഷ്ടിക്കും. രണ്ടായിരത്തി ഇരുപത്തി എട്ടിൽ നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.