സൗദിയിൽ ഹൗസ്‌ഡ്രൈവർമാർ ഉൾപ്പെടെ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റിലെ നിയമങ്ങൾ ലംഘിച്ചതിന് 222 ജീവനക്കാർക്കെതിരെ നടപടി. 25 റിക്രൂട്ടിങ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഹൗസ് ഡ്രൈവർമാരെ പുറത്തെ ജോലിക്ക് വിട്ടതിനും റിക്രൂട്ട്‌മെന്റ് പുറത്തെ ഏജൻസികൾക്ക് കൈമാറിയതിനുമാണ് നടപടി.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കെതിരായ നടപടികൾ. വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് 222 പേർക്ക് പിഴയുൾപ്പെടെ ശിക്ഷ വിധിച്ചിട്ടുണ്ട്. ഇവരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കിയിട്ടുമുണ്ട്. ഇവർക്കെതിരായ നടപടികൾക്ക് കാരണമായത് മൂന്ന് തരം പരാതികളാണ്. തൊഴിൽ റിക്രൂട്ട്‌മെന്റിനുള്ള കരാർ സബ് ഏജൻസികൾക്ക് നൽകിയതാണ് പ്രധാന നടപടി. വീട്ടുജോലിക്കാരെ പരിചയമില്ലാത്ത ജോലികളിലേക്ക് നൽകിയതാണ് രണ്ടാമത്തെ നടപടി. സ്‌പോൺസറുടെ കീഴിൽ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്തതാണ് മൂന്നാമത്തെ നടപടി. ഈ കേസുകളിൽ 25 റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പരാതികൾ പരിഹരിക്കാൻ വൈകിയതിനും നടപടിയുണ്ട്.
സൗദിയിലെത്തി റിക്രൂട്ടിങ് കമ്പനികൾക്കെതിരെ പരാതിയുള്ളവർക്ക് 920002866 എന്ന നമ്പറിൽ വിളിച്ചു പറയാം. അല്ലെങ്കിൽ മുസാനിദ് മൊബൈൽ ആപ്പ് ഉപയോഗിച്ചും പരാതി നൽകാമെന്ന് മന്ത്രാലയം അറിയിച്ചു.