നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ അംഗരക്ഷകർക്ക് ക്ലീൻ ചിറ്റ് നൽകി നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ ഒരുങ്ങി കോൺഗ്രസ്. മർദനത്തിന്റെ വീഡിയോ ലഭ്യമല്ല എന്ന റിപ്പോർട്ട് നൽകിയതിനെതിരേ യൂത്ത് കോൺഗ്രസ് ഡിജിപിക്ക് ഇമെയിൽ മുഖേന ദൃശ്യങ്ങൾ അയച്ചു നൽകി പ്രതിഷേധം അറിയിക്കുകയായിരുന്നു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അടുത്ത ആഴ്ച തടസ്സ ഹർജി ഫയൽ ചെയ്യും.
പരാതി വ്യാജമാണെന്നും മർദിച്ചതിന് തെളിവില്ലെന്നും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നുമുള്ള വാദങ്ങൾ ഉന്നയിച്ചാണ് കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് റഫറൻസ് റിപ്പോർട്ട് നൽകി ശ്രമം നടത്തിയത്. നവകേരള ബസ് വഴിയിൽ തടഞ്ഞിട്ടു. വാഹനത്തിൽ അടിച്ചു. തടയാൻ എത്തിയ പോലീസുകാരെ കയ്യേറ്റം ചെയ്തെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഡിസംബറിൽ മുഖ്യമന്ത്രിയുടെ നവകേരളാ യാത്രയ്ക്കിടയിൽ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽവച്ചാണ് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ മർദിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യം വിളിച്ച രണ്ട് യൂത്ത്‌കോൺഗ്രസ് പ്രവർത്തകരെയാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകർ വളഞ്ഞിട്ട് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ അനിൽകുമാർ, സന്ദീപ് എന്നിവർ ഉൾപ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു മർദനം.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലക്കടക്കം പരിക്കേറ്റിട്ടും കേസെടുക്കാൻ പോലീസ് തയാറായിരുന്നില്ല. പ്രവർത്തകർ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. മുഖ്യമന്ത്രിയുടെ ഗൺമാൻമാരായ പ്രതികളെ വിളിച്ചുവരുത്തുന്നതിന് പകരം ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്നും ആരോപണമുണ്ടായിരുന്നു. ഇതിന് പിന്നാലെ സമർപ്പിച്ച വിചിത്ര റിപ്പോർട്ടിനെതിരെയാണ് കോൺഗ്രസ് നടപടിക്രമങ്ങളുടെ രംഗത്തെത്തിയിരിക്കുന്നത്.
STORY HIGHLIGHT: congress against clean chit for cms gunmen