ന്യൂഡല്‍ഹി: ഷാങ്ഹായ് സഹകരണ സഖ്യ (എസ്.സി.ഒ.)ത്തിന്റെ രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പാകിസ്താനിലേക്ക്. 2015-ന് ശേഷം ഒരു ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനമാണിത്. ഒക്ടോബര്‍ 15, 16 തീയതികളിലാണ് യാത്ര. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ജയശങ്കറിന്റെ ആദ്യ പാകിസ്താന്‍ സന്ദര്‍ശനം കൂടിയാണിത്.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെ എസ്. ജയശങ്കര്‍ നയിക്കും. 2015 ഡിസംബറില്‍ സുഷമ സ്വരാജാണ് അവസാനമായി പാകിസ്താന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി. അഫ് ഗാനിസ്താനുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിനായിരുന്നു സുഷമ സ്വരാജ് പാകിസ്താനിലേക്ക് പോയത്.
ഇസ്ലാമാബാദില്‍ നടക്കുന്ന ഈ യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പാകിസ്താന്റെ ക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇത്തവണ രാഷ്ട്രതലവന്മാരുടെ യോഗത്തിന് പാകിസ്താനാണ് ആതിഥേയത്വം വഹിക്കുന്നത്.