India

ബെംഗളൂരുവിലെ മൂന്ന് കോളേജുകള്‍ക്ക് ബോംബ് ഭീഷണി; വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്ഥലത്തുനിന്നും ഒഴിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് കോളേജുകള്‍ക്ക് ബോംബ് ഭീഷണി. എന്‍ജിനീയറിങ് കോളേജുകള്‍ ആണ് മൂന്നും. ഈമെയില്‍ വഴിയാണ് ബോംബ് സന്ദേശം എത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ബിഎംഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ക്കാണ് ബോംബ് ഭീഷണി.

വിവരം ലഭിച്ച ഉടനെ പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ കോളേജുകളില്‍ എത്തുകയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും സ്ഥലത്തുനിന്ന് ഒഴിപ്പിച്ച ശേഷം വിശദമായ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ബിഎംഎസ് ഇന്‍സ്റ്റിറ്റ്യൂട്ടും ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ടും ഒരേ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. രാമയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് നോര്‍ത്ത് ബെഗളൂരുവിലെ എംഎസ്ആര്‍ നഗറിലാണ്. ഓരോ കോളേജും പ്രത്യേകം കേസുകളായി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ ലോകേഷ് ബി ജഗലസാര്‍ പറഞ്ഞു.