തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതിയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സംസ്ഥാന സര്‍ക്കാരിന് നല്‍കും. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ സമയം എടുത്തതാണ് വൈകാന്‍ കാരണമെന്നാണ് വിവരം. രണ്ട് ഉന്നത ആര്‍എസ് എസ് നേതാക്കളെ കണ്ടതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ നിലപാട്.
ഇന്നലെ മന്ത്രിസഭാ ഉപസമിതിയോഗത്തിലും സിപിഐ അജിത്തിനെ മാറ്റാതെ പറ്റില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. മാമി തിരോധാനമടക്കം അന്‍വര്‍ ഉന്നയിച്ച കേസുകളില്‍ അജിതിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ടാകില്ലെന്നാണ് സൂചന. ഇന്ന് പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം ചേരുന്നിരുന്നു. എഡിജിപിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന സംഘമാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു യോഗം.
IG സ്പർജൻ കുമാർ, DIG തോംസൺ ജോസ്, SPമാരായ ഷാനവാസ്, മധുസൂദനൻ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. പി.വി അൻവർ എംഎൽഎയുടെ പരാതികളിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള റിപ്പോർട്ടാണ് സമർപ്പിക്കാനുള്ളത്. അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നൽകിയിരുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഒരു മാസം എന്ന കാര്യം ഇന്നലെ മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തു.