Alappuzha

എടിഎം കവര്‍ച്ച ശ്രമം; യുവാവ് അറസ്റ്റില്‍

ചാരുംമൂട്: എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. താമരക്കുളം ചത്തിയറ രാജുഭവനത്തില്‍ അഭിരാം (20) ആണ് അറസ്റ്റിലായിരിക്കുന്നത്. സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതിയെക്കുറിച്ചുളള സൂചന പോലീസിന് ലഭിച്ചത്.

തുടര്‍ന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മോഷണ ശ്രമം നടന്നത്. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അഭിരാമിനെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

മോഷണ ശ്രമത്തിന് ഉപയോഗിച്ച കമ്പിപ്പാരയും ധരിച്ചിരുന്ന കറുത്ത വസ്ത്രങ്ങളും സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കായംകുളം ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.