ബെയ്റൂത്ത്: ഒരേസമയം ലബനാനിലും ഗസ്സയിലും വെസ്റ്റ്ബാങ്കിലും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ സൈന്യം. ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ വ്യാപകമായ പ്രത്യാക്രമണവും തുടരുകയാണ്. സംഘർഷം വ്യാപിക്കുന്നതിനിടെ ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ലബനാനിന് ഐക്യദാർഢ്യമറിയിച്ച് കൂറ്റൻ റാലി നടന്നു.
തെക്കൻ ലബനാനിൽ കരയാക്രമണം തുടങ്ങിയ ഇസ്രായേലിന് കാര്യമായ നേട്ടമുണ്ടാക്കാനാവാതെ വന്നതോടെ വ്യോമാക്രമണം കടുപ്പിക്കുകയാണ്. ബെയ്റൂത്തില്‍ ആരോഗ്യ പ്രവർത്തകരടക്കം 37 പേരാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. 151 പേർക്ക് പരിക്കേറ്റു. ഹിസ്ബുല്ല നേതാവ് ഹാശിം സൈഫുദ്ദീനെ ലക്ഷ്യമിട്ടായിരുന്നു ബെയ്റൂത്തിലെ ആക്രമണം. ലബനാനിനു പുറമെ ഗസ്സയിലും വെസ്റ്റ്ബാങ്കിലുമെല്ലാം കനത്ത വ്യോമാക്രമണമാണ് ഇസ്രായേൽ സൈന്യം നടത്തിയത്. വെസ്റ്റ്ബാങ്കിലെ തുൽകരിം അഭയാർഥി ക്യാന്പിനു നേരെയുണ്ടായ ആക്രമണത്തിൽ 18 പേരും ഗസ്സയിലെ ഖാൻയൂനുസിലും ദൈറുൽ ബലായിലും ബോംബാക്രമണത്തിൽ 9 പേരും കൊല്ലപ്പെട്ടു.
ഇസ്രായേലിനെതിരായ ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തമാണ് . വടക്കൻ ഇസ്രായേലിലേക്കും ഹൈഫയിലേക്കുമടക്കം നൂറിലധികം റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുത്തുവിട്ടത്. നവാതിം സൈനിക ക്യാമ്പും ഗോലാൻ എയർ ബേസുമടക്കം സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണങ്ങൾ. കഴിഞ്ഞ ദിവസം ഇറാഖിൽ നിന്നുളള റോക്കറ്റാക്രമണത്തിൽ ഇസ്രായേലിന്റെ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഐഡിഎഫ് സ്ഥിരീകരിച്ചു.