കോതമംഗലം: തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ട നായകനായ സിനിമാ ചിത്രീകരണത്തിനിടെ കാടുകയറിയ പുതുപ്പള്ളി സാധു എന്ന ആനയെ ട്രാക്ക് ചെയ്തതായി സൂചന. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ആനയെ ട്രാക്ക് ചെയ്തത്. സിനിമാ ചിത്രീകരണത്തിനിടെ കോതമംഗലം ഭൂതത്താൻ കെട്ടിൽ വച്ചാണ് തടത്താവിള മണികണ്ഠൻ എന്ന ആനയുടെ ആക്രമണത്തെ തുടർന്ന് പുതുപ്പളി സാധു കാടുകയറിയത്. തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ആനയെ തിരഞ്ഞ് കാട്ടിലേക്ക് പോയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ ആർആർടി സംഘവും പാപ്പാൻമാരും നാട്ടുകാരും സംഘത്തിൽ ഉണ്ട്.
ഇന്നലെ വൈകിട്ടു നാലു മണിയോടെ ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ മണികണ്ഠൻ പിന്നിൽ നിന്നു കുത്തിയതോടെയാണു സംഭവവികാസങ്ങളുടെ തുടക്കം. മണികണ്ഠനും കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചു. എന്നാൽ, സാധു ഭൂതത്താൻകെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കൽ തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടുകയായിരുന്നു. നിലവിൽ നിബിഡ വനത്തിലേക്ക് സാധു ഉണ്ടെന്നാണ് വിവരം. ബഹളത്തിനിടെ സ്ഥലത്തുണ്ടായിരുന്ന ചിലർക്കു ഇന്നലെ പരുക്കേൽക്കുകയും ക്യമാറ അടക്കമുള്ള സാമഗ്രികൾക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു.