Celebrities

‘ആരുടെയും കൊങ്ങയ്ക്ക് കുത്തിപ്പിടിച്ച് ഗുണ്ടായിസം കാണിക്കാന്‍ ഒന്നും പോകുന്നില്ല, തരുമായിരിക്കും എന്ന് വിചാരിച്ച് മുന്നോട്ടുപോയി’: മിയ ജോര്‍ജ്

നമ്മള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്ക് നമുക്കൊന്നും കിട്ടുന്നുമില്ല

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് മിയ ജോര്‍ജ്. പ്രത്യേക അഭിനയ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മിയ. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ സിനിമയില്‍ മിയക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ സിനിമ മേഖലയില്‍ താന്‍ അനുഭവിച്ച പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി. തനിക്ക് ഒരുപാട് സിനിമകളില്‍ നിന്നും അഭിനയിച്ചതിന്റെ ശമ്പളം ഇതുവരെ കിട്ടിയിട്ടില്ലെന്ന് താരം പറഞ്ഞു.

‘എനിക്ക് സിനിമയില്‍ നിന്ന് ഇഷ്ടംപോലെ ശമ്പളം കിട്ടാന്‍ ബാക്കിയുണ്ട്. ഇപ്പോഴും ഉണ്ട്. ചില സമയത്ത് നമ്മള്‍ ചോദിക്കും, എന്റെ കാര്യത്തില്‍ സിനിമ എപ്പോഴും എനിക്ക് അഭിനയിക്കാന്‍ ഇഷ്ടമുള്ളതാണ്. സ്‌നേഹം കൊണ്ടാണ് നമ്മള്‍ സിനിമയിലേക്ക് വരുന്നത്. നമ്മുടെ ഒരു ജോലിയാണ്. എന്നാല്‍ അതിനേക്കാള്‍ ഇഷ്ടത്തോടെയാണ് സിനിമയിലേക്ക് വരുന്നത്. ഒരു സിനിമയില്‍ അഭിനയിച്ചു ഷൂട്ടിംഗ് മൊത്തം കഴിഞ്ഞു, അപ്പോള്‍ പ്രൊഡ്യൂസറിന്റെ സൈഡില്‍ നിന്ന് പറയുകയാണ് നമുക്ക് കുറച്ച് ഫിനാന്‍ഷ്യല്‍ പ്രശ്‌നമുണ്ട്, ഡബ്ബിങ്ങിന് വരുമ്പോള്‍ പണം തരാം… സെറ്റില്‍ ചെയ്യാം എന്നു പറഞ്ഞു. അത് കേട്ടിട്ട് നമ്മള്‍ പോകുന്നു. നമ്മള്‍ ഡബ്ബിങ്ങിന് വരുന്നു. രണ്ടുമൂന്നു ദിവസം ഒക്കെ കാണും ഡബ്ബിങ്.’

‘അതെല്ലാം കഴിഞ്ഞ് ആദ്യത്തെ ദിവസം കഴിയുമ്പോള്‍ നമ്മള്‍ വിചാരിക്കും നാളെയും കൂടെ ഉണ്ടല്ലോ നാളെ തരുമായിരിക്കും, സെറ്റില്‍ ചെയ്യുമായിരിക്കും എന്ന്. നാളത്തെ ദിവസം ചെല്ലുമ്പോള്‍ പറയും, നമുക്ക് കുറച്ചു കുഴപ്പമുണ്ട്.. റിലീസ് ആകുമ്പോഴേക്കും തരാമെന്ന്. അപ്പോള്‍ നമ്മള്‍ വിചാരിക്കും ഇയാള്‍ ഇതിന്റെ മാര്‍ക്കറ്റിങ്ങിന് കുറേ പൈസ ഇറക്കിയിട്ടുണ്ടല്ലോ, ഓക്കെ എന്ന്. പാടം തിയേറ്ററില്‍ എത്തി അതില്‍ നിന്ന് വരുമാനം കിട്ടുമ്പോള്‍ നമ്മളെ സെറ്റില്‍ ചെയ്യുമായിരിക്കും എന്ന് വിചാരിച്ചു. ഞാനൊക്കെ ഇങ്ങനെ തരുമായിരിക്കും തരുമായിരിക്കും എന്നൊക്കെ വിചാരിച്ച് മുന്നോട്ടുപോയി, തള്ളി തള്ളി വെയ്ക്കും. പക്ഷെ കാര്യമായിട്ട് ഒന്നും കിട്ടാത്ത സിനിമയുണ്ട്.

‘അതായത് അഡ്വാന്‍സ് മാത്രം കിട്ടിയ സിനിമ പോലും എനിക്കുണ്ട്. ഇഷ്ടംപോലെയുണ്ട്. ഇഷ്ടംപോലെ സിനിമകളില്‍ നിന്ന് എനിക്ക് ശമ്പളമായി കിട്ടാനുണ്ട്. നമ്മള്‍ ചോദിച്ചുകൊണ്ടിരിക്കും. പക്ഷെ കിട്ടണമെന്നില്ല. അഞ്ചുകൊല്ലം കഴിഞ്ഞ് ചോദിച്ചാലും കുറച്ച് പ്രശ്‌നത്തിലാണ് എന്നാണ് പറയുക. കിട്ടുമ്പോള്‍ ആദ്യം നിങ്ങളെ സെറ്റില്‍ ചെയ്യും എന്ന് പറയും. നമുക്കിപ്പോള്‍ ചെന്ന് ആരുടെയും കൊങ്ങയ്ക്ക് കുത്തിപ്പിടിച്ച് ഗുണ്ടായിസം കാണിക്കാന്‍ ഒന്നും പോകുന്നില്ല. ആ ഒരു പ്രഷര്‍ എടുക്കുന്നില്ല.’

‘പക്ഷെ ചിലര് ചില മിടുക്കുള്ള ആര്‍ട്ടിസ്റ്റുകള്‍ പറയും പൈസ സെറ്റില്‍ ചെയ്താലേ ഡബ്ബിങ്ങിന് വരുത്തുള്ളൂ എന്ന്. ശബ്ദം നന്നായിട്ട് അറിയാവുന്ന ആള്‍ക്കാരാണ് എന്നുണ്ടെങ്കില്‍, അവര്‍ക്ക് വേറൊന്നും ചെയ്യാന്‍ പറ്റില്ല. അപ്പോള്‍ നിര്‍ബന്ധരായി എങ്ങനെയും മാല പണയം വെച്ചിട്ടാണെങ്കിലും ഈ കടുംപിടുത്തം പിടിക്കുന്നവരുടെ പൈസ സെറ്റില്‍ ചെയ്യും. അവര് അടിപൊളിയായിട്ട് വന്ന് ഡബ്ബ് ചെയ്തിട്ട് പൈസ മേടിച്ചോണ്ട് പോകും. നമ്മള്‍ ആത്മാര്‍ത്ഥതയുടെ നിറകുടമായിട്ട് സിനിമ നന്നാവട്ടെ അവര്‍ തരുമായിരിക്കും എന്നൊക്കെ വിചാരിച്ച് നില്‍ക്കുമ്പോള്‍, നമുക്ക് ഒന്നും കിട്ടത്തുമില്ല, ഈ അടി ഉണ്ടാക്കുന്നവര്‍ മേടിച്ചു പോവുകയും ചെയ്യും. അവസാനം നമ്മള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്ക് നമുക്കൊന്നും കിട്ടുന്നുമില്ല.’, മിയ പറഞ്ഞു.

STORY HIGHLIGHTS: Miya George about movie payment