എറണാകുളം: സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട് കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ തിരിച്ചുകൊണ്ടുപോയി. ലോറിയില്‍ കയറ്റി തളച്ചാണ് ആനയെ കൊണ്ടുപോയത്. പാപ്പാനും ആനയ്‌ക്കൊപ്പം ലോറിയിലുണ്ട്. പുറത്തെത്തിച്ച ആന ആരോഗ്യവാനാണെന്ന് ആനയുടമയും വനപാലകരും അറിയിച്ചു.
പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആനയെ തെരച്ചില്‍ സംഘം കണ്ടെത്തിയത്. ‘ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യപ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്’. ആനഉടമ പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം വിജയ് ദേവരക്കൊണ്ട നായകനായ സിനിമാ ചിത്രീകരണത്തിനിടെയാണ് പുതുപ്പള്ളി സാധു എന്ന ആന കാടുകയറിയത്. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് ആനയെ ട്രാക്ക് ചെയ്തത്. സിനിമാ ചിത്രീകരണത്തിനിടെ കോതമംഗലം ഭൂതത്താൻ കെട്ടിൽ വച്ചാണ് തടത്താവിള മണികണ്ഠൻ എന്ന ആനയുടെ ആക്രമണത്തെ തുടർന്ന് പുതുപ്പളി സാധു കാടുകയറിയത്. തുണ്ടം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ 50 അംഗ സംഘമാണ് ആനയെ തിരഞ്ഞ് കാട്ടിലേക്ക് പോയത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ ആർആർടി സംഘവും പാപ്പാൻമാരും നാട്ടുകാരും സംഘത്തിൽ ഉണ്ടായിരുന്നു.