Kerala

‘എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ല, മഹാപാപമായി തോന്നുന്നില്ല’: വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: എഡിജിപി എംആര്‍ അജിത്കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ലെന്നും പൂരം കലക്കിയതില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് എഡിജിപിക്ക് എതിരാണെന്നും മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ല. ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല. പൂരം കലക്കിയതില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് എഡിജിപിക്ക് എതിരാണ്. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി എഡിജിപിക്കെതിരെ നടപടി എടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. അന്‍വറിന്റെ വിമര്‍ശനം നേരത്തെ ഒന്നും കേട്ടില്ല. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് അന്‍വറിന്റെ വിമര്‍ശനം. എന്തായാലും അന്‍വറിന് പിന്നാലെ കൂടാന്‍ ആളുകള്‍ ഉണ്ട്. മലബാറില്‍ അന്‍വറിന് സിപിഎമ്മിനെ ഭയപ്പെടുത്താന്‍ സാധിക്കും. മലബാറില്‍ ഇടതുപക്ഷത്തിന് ഉണ്ടായ തോല്‍വി അവര്‍ തന്നെ വിലയിരുത്തട്ടെ. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തിന്റെ കയ്യില്‍ നിന്ന് പോയി എന്നത് നേരാണ്’., വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

അതേസമയം എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിലും പരാതികളിലും അന്വേഷണ റിപ്പോർട്ട്‌ ഇന്ന്  മുഖ്യമന്ത്രിക്ക് സമർപ്പിക്കും. ഇന്നലെ രാത്രിയോടെയാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് പൂർത്തിയാക്കിയത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും റിപ്പോർട്ട്‌ സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നീക്കം. റിപ്പോർട്ടിലെ കണ്ടെത്തലുകളും ശുപാർശകളും പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും.