Kerala

എസ്‌ഐടിക്ക് കത്തയച്ച് നടന്‍ സിദ്ദിഖ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ചു

തിരുവനന്തപുരം: പ്രത്യേക അന്വേഷണ സംഘത്തിന് കത്തയച്ച് നടന്‍ സിദ്ദിഖ്. ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ് ഐ ടി നോട്ടീസ് അയക്കാത്ത സാഹചര്യത്തിലാണ് നടന്റെ നീക്കം. ബലാത്സംഗ കേസില്‍ നേരിട്ട് ഹാജരാകാം എന്ന് ഈമെയില്‍ വഴിയാണ് നടന്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. നേരത്തെ വാക്കാല്‍ അന്വേഷണ സംഘത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തതാണ്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും എന്നതായിരുന്നു സിദ്ദിഖിന്റെ നിലപാട്. ഇപ്പോള്‍ അത് ഔദ്യോഗികമായി രേഖാമൂലം എസ്‌ഐടിഎയെ നടന്‍ അറിയിച്ചിരിക്കുകയാണ്.

നടന്‍ സിദ്ദിഖിനെ ചോദ്യംചെയ്യാന്‍ തിടുക്കം കാട്ടേണ്ടതില്ലെന്നായിരുന്നു പ്രത്യേക അന്വേഷണസംഘത്തിന്റ തീരുമാനം. ചോദ്യംചെയ്യലിന് ഹാജരാകാന്‍ തയാറാണെന്നു സിദ്ദിഖ് അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്വേഷണസംഘം മറുപടി നല്‍കിയില്ല. വിശദമായ നിയമോപദേശം തേടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. സിദ്ദിഖിനെ ഇപ്പോള്‍ ചോദ്യംചെയ്താല്‍ രണ്ടാഴ്ച കഴിഞ്ഞ് സുപ്രീംകോടതിയില്‍ കേസ് വരുമ്പോള്‍, തന്നെ ചോദ്യംചെയ്തു കഴിഞ്ഞ സ്ഥിതിക്ക് ജാമ്യം അനുവദിക്കണമെന്ന വാദം മുന്നോട്ടുവയ്ക്കുമെന്നതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്.

സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെയും പരാതിക്കാരിയുടെയും അഭിഭാഷകര്‍ക്ക് കൃത്യമായി വാദിക്കാനുള്ള സമയംകിട്ടിയില്ലെന്ന പ്രശ്‌നവും പൊലീസ് ഉയര്‍ത്തുന്നു. രണ്ടാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്നും അന്വേഷണസംഘത്തിന് വേണമെങ്കില്‍ ചോദ്യം ചെയ്യാമെന്നുമായിരുന്നു വിധി. തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷം ചോദ്യംചെയ്താല്‍ മതിയെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.