തൃശൂര്‍: എ.ടി.എം. കവര്‍ച്ച കേസിലെ പ്രതികളെ തൃശൂരിലെത്തിച്ചു. തെളിവെടുപ്പിനായാണ് പ്രതികളെ തൃശൂരെത്തിച്ചത്. തൃശൂര്‍ ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയതിനുശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. എ.ടി.എമ്മുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ‘മേവാത്തി’ കൊള്ള സംഘം എന്ന പേരിലാണ് സംഘം കുപ്രസിദ്ധി നേടിയത്. തൃശൂരിലെ മൂന്നു എ.ടി. എമ്മുകളില്‍നിന്നായി 65 ലക്ഷം രൂപയാണ് പ്രതികള്‍ കവര്‍ന്നത്.
പ്രതികള്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നും വിവരങ്ങള്‍ കൃത്യമായി നല്‍കുന്നില്ലെന്നുമാണ് തമിഴ്നാട് പൊലീസ് പറയുന്നത്. ഏഴു പ്രതികളില്‍ ഒരാള്‍ തമിഴ്നാട് പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ശേഷിച്ച ആറു പേരില്‍ ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റ് കാല് മുറിച്ച് മാറ്റേണ്ടി വന്നതിനാല്‍ തമിഴ്നാട്ടില്‍ ചികിത്സയിലാണ്. മറ്റ് അഞ്ചുപേരെയാണ് തൃശൂരിലെത്തിച്ചത്.
തമിഴ്‌നാട്ടില്‍ വെച്ചാണ് സംഘം അറസ്റ്റിലായത്. കണ്ടെയ്‌നറിനുള്ളില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ പിടിയിലായത് തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നാണ്. മോഷണ ശ്രമത്തിന് ഉപയോഗിച്ച വെളുത്ത നിറത്തിലുള്ള കാറിലാണ് സംഘം രക്ഷപെടാന്‍ ഒരുങ്ങിയത്. കാര്‍ കണ്ടയ്‌നറിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു.
തൃശൂരില്‍ മൂന്നിടങ്ങളിലെ എടിഎമ്മുകളാണ് സംഘം കൊള്ളയടിച്ചത്. മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. സിസിടിവി ക്യാമറകളില്‍ കറുത്ത സ്‌പ്രേ പെയിന്റ് അടിച്ചായിരുന്നു എ ടി എം കൊള്ള നടത്തിയത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്.