കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയതിനു പിന്നാലെ പ്രതികരണവുമായി
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. തനിക്കെതിരേ വളരെ ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസായിരുന്നു മഞ്ചേശ്വരം കോഴക്കേസെന്ന് കെ സുരേന്ദ്രന് പറഞ്ഞു. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ ഇതില്‍ പങ്കാളിയായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ യാതൊരു തരത്തിലുള്ള അടിസ്ഥാനവും ഇല്ലാത്ത കേസായിരുന്നു ഇതെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
‘വളരെ ആസൂത്രിതമായി കെട്ടിച്ചമച്ച കള്ളക്കേസാണ് ഇത്. ഗൂഢാലോചനയിലൂടെയാണ് ഇങ്ങനെ ഒരു കേസ് ഉണ്ടായത്. എല്‍.ഡി.എഫിന് വേണ്ടി ഇവിടെ മത്സരിച്ച വി.വി. രമേശ് കൊടുത്ത കേസാണ്. സുന്ദര കൊടുത്ത കേസല്ല. പിന്നീട് സുന്ദരയെ വിളിച്ച് കേസിന്റെ ഭാഗമാക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ നിന്ന് എന്നെ എന്നെന്നേക്കുമായി അയോഗ്യനാക്കാന്‍ വേണ്ടിയും ബിജെപിയെ താറടിച്ചു കാണിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു കള്ളക്കേസ് ഇവിടെ കെട്ടിച്ചമച്ചത്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ ഇതില്‍ പങ്കാളിയായിട്ടുണ്ട്.’
‘കര്‍ണാടകയിലെ ഉള്‍പ്രദേശത്ത് കൊണ്ടുപോയി കള്ളക്കേസ് ചമക്കുകയായിരുന്നു. യാതൊരുതരത്തിലുള്ള അടിസ്ഥാനവും ഇല്ലാത്ത കേസായിരുന്നു സുന്ദര കേസ്. ഒരു പൊതുപ്രവര്‍ത്തകനെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിയമം ചേര്‍ത്തു. അതും കോടതിക്ക് ബോധ്യമായി. ഇതിനകത്ത് അത്തരത്തിലുള്ള സമ്മര്‍ദ്ദമോ ഭീഷണിയോ ഉണ്ടായിരുന്നില്ല. സത്യമേ വിജയിക്കൂ’. കെ സുരേന്ദ്രന് പറഞ്ഞു.