Kerala

ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് മഹാപാപമല്ല; സംഘപരിവാറിനെ തീണ്ടാനും തൊടാനും പാടില്ലേ? vellapally-natesan-react-adgp-rss-controversy

മുഖ്യമന്ത്രി നടപടിയെടുത്തിരിക്കും എന്ന് പൂര്‍ണമായി വിശ്വസിക്കുന്നയാളാണ് താന്‍

തിരുവനന്തപുരം: സംഘപരിവാറുകാരും മനുഷ്യരല്ലേയെന്നും അവരെ തീണ്ടാനും തൊടാനും പാടില്ലേയെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എ.ഡി.ജി.പി ആര്‍. അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പൂരം കലക്കിയതിലുള്ള റിപ്പോര്‍ട്ട് എ.ഡി.ജി.പിക്ക് എതിരാണ്. എ.ഡി.ജി.പിയെ സംരക്ഷിക്കുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഘപരിവാറുകാരും മനുഷ്യരല്ലേയെന്നും അവരെ തീണ്ടാനും തൊടാനും പാടില്ലേയെന്നും വെള്ളാപ്പള്ളി ചോദിച്ചു. അല്ലെങ്കില്‍പ്പിന്നെ എങ്ങനെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണുന്നത്. ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി കണ്ടത് മഹാപാപമൊന്നുമല്ല. എ.ഡി.ജി.പിക്ക് എതിരായുള്ള ആരോപണങ്ങള്‍ തെളിയുന്നതിലേക്ക് കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തിരിക്കും എന്ന് പൂര്‍ണമായി വിശ്വസിക്കുന്നയാളാണ് താന്‍. അതിനുവേണ്ടി ഒന്നോ രണ്ടോ ദിവസങ്ങള്‍കൂടി കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘പി.വി. അന്‍വറിന് ഞാനുമായി ഒരു ബന്ധവുമില്ല. അവരെല്ലാംകൂടി ഒരുമിച്ചുണ്ടായിരുന്നവരാണ്. ഇന്ന് പിണക്കമായെങ്കില്‍ നാളെ ഇണക്കമായെന്നുംവരാം. മലബാര്‍ സൈഡിലുള്ള കാര്യങ്ങളായതുകൊണ്ട് എനിക്കൊന്നും അതേക്കുറിച്ചറിയില്ല. അന്‍വര്‍ നേരത്തേയൊന്നും ഇതേക്കുറിച്ച് പറഞ്ഞുകേട്ടില്ലല്ലോ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയിലാണ് ഇപ്പോള്‍. ഈ വിമര്‍ശനമൊന്നും നേരത്തേ നമ്മള്‍ കേട്ടില്ലല്ലോ. ഇവര്‍ തമ്മില്‍ വ്യക്തിപരമായോ സഹകരണപരമായോ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉള്ളിലുണ്ട്. അതെല്ലാം കൂടി അണപൊട്ടി ഇപ്പോള്‍ അണ ഒഴുകിക്കൊണ്ടിരിക്കുകയാണ്. അതൊരു നാറ്റക്കേസായി മാറിക്കൊണ്ടിരിക്കുന്നു.’ വെള്ളാപ്പള്ളിയുടെ വാക്കുകള്‍.

പല കാര്യങ്ങള്‍ക്കും ഉത്തരംപറയാന്‍ സര്‍ക്കാരിനും സാധിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു. എന്തുതന്നെയായാലും അന്‍വര്‍ ഉന്നയിക്കുന്ന പല കാര്യങ്ങളും കാണുമ്പോള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കാന്‍ മലബാര്‍ മേഖലയില്‍ പ്രത്യേകിച്ച് മലപ്പുറത്ത് ആളുകളുണ്ടെന്ന് വാര്‍ത്തകളിലൂടെ മനസിലായി. ഇതിന് എന്താണ് കാരണമെന്ന് കാലങ്ങള്‍ കഴിയുമ്പോള്‍ ഒന്നുകൂടി പഠിച്ചിട്ട് പറയാമെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.

content highlight: vellapally-natesan-react-adgp-rss-controversy