ചേരുവകൾ
ശർക്കര – 300 ഗ്രാം
വറുത്ത അരിപൊടി – 1 1/2 കപ്പ്
മൈദ – 60 ഗ്രാം
ഗോതമ്പ് പൊടി – 60 ഗ്രാം
റവ – 30 ഗ്രാം
പഴം വരട്ട് – 250 ഗ്രാം
തയ്യാറാക്കുന്ന വിധം
ഉണ്ണിയപ്പം തയ്യാറാക്കാനായി 300 ഗ്രാം ശർക്കര എടുത്ത് അതിലേക്ക് രണ്ട് കപ്പ് വെള്ളം കൂടെ ചേർത്ത് ഉരുക്കാനായി അടുപ്പിലേക്ക് മാറ്റാം. ശർക്കര ഉരുകി വരുമ്പോഴേക്കും ഒരു പാത്രമെടുത്ത് അതിലേക്ക് ഒന്നര കപ്പളവിൽ വറുത്ത അരിപ്പൊടി ചേർത്ത് കൊടുക്കണം. ശേഷം അരിപ്പൊടി ഒട്ടും കട്ടകൾ ഇല്ലാതെ നന്നായി അരിച്ചെടുക്കണം. ശേഷം തയ്യാറാക്കിയ ശർക്കര പാനി എടുത്ത് വെച്ച അരിപ്പൊടിയിലേക്ക് ചൂടോട് കൂടെ ഒഴിച്ച് കൊടുക്കണം. ശേഷം ഇനി ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കണം. ഇതേ മിക്സിലേക്ക് 60 ഗ്രാം മൈദ പൊടിയും 60 ഗ്രാം അളവിൽ ഗോതമ്പ് പൊടിയും കൂടെ തന്നെ 30 ഗ്രാം അളവിൽ റവ കൂടി ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് വെള്ളം കൂടെ ഒഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കാം. ഇതിലേക്ക് നേരത്തെ തന്നെ തയ്യാറാക്കി വെച്ച പഴം വരട്ട് ചേർത്ത് കൊടുക്കാം. ശേഷം ഇതെല്ലാം കൂടി നന്നായി മിക്സ് ചെയ്ത് കൊടുക്കണം. ഈ മാവ് കട്ടിയായി വരുകയാണെങ്കിൽ ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്തെടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് ഒരു നുള്ള് ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഏലക്ക പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. ശേഷം ഒരു ടേബിൾ സ്പൂൺ എള്ളും ഒരു ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്ത് കൊടുക്കാം. അങ്ങനെ നമ്മുടെ ഉണ്ണിയപ്പത്തിന്റെ മാവ് റെഡി ആയിട്ടുണ്ട്. അടുത്തതായി ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ മാവ് ഒഴിച്ച് കൊടുത്ത് ഉണ്ണിയപ്പം ചുട്ടെടുക്കാം. സ്വാദിഷ്ടമായ ഉണ്ണിയപ്പം തയ്യാർ. ഇനി നിങ്ങൾക്കും തയ്യാറാക്കി നോക്കാം ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റിയ ഒരു അടിപൊളി ഉണ്ണിയപ്പം.