തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച ശബരിമല അവലോകന യോഗത്തിൽ എഡിജിപി എം.ആർ അജിത്കുമാർ ഇല്ല. ഡിജിപി കൂടി പങ്കെടുത്ത യോഗത്തിലാണ് അജിത്കുമാർ വിട്ടുനിന്നത്. യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതായാണ് വിവരം. എഡിജിപിമാരായ മനോജ് എബ്രഹാം, എസ്. ശ്രീജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇന്ന് വൈകിട്ട് ഓൺലൈനായാണ് യോഗം ചേർന്നത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരുന്ന അജിത്ത് കുമാറാണ് നിലവിൽ ശബരിമല കോ-ഓഡിനേറ്റർ ചുമതല വഹിക്കുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇദ്ദേഹത്തെ യോഗത്തിൽ നിന്ന് മാറ്റിനിർത്തിയത്. എഡിജിപിക്ക് പകരം ഡിജിപി ഷേഖ് ദർവേസ് സാഹിബാണ് യോഗത്തിൽ പൊലീസിൻ്റെ കാര്യങ്ങൾ വിശദീകരിച്ചത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന് മണ്ഡല മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് എഡിജിപിയെ മാറ്റിനിർത്തിയത്. മന്ത്രി വിഎൻ വാസവൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബ്, അടക്കമുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്.
ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിംഗിലൂടെ മാത്രം തീർത്ഥാടകരെ പ്രവേശിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പ്രതിദിനം പരമാവധി 80000 പേരെ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കൂ. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. നിലക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.